കോട്ടയം : കൊവിഡ് പ്രതിരോധം, ചികിത്സ, ബോധവത്കരണം എന്നിവയിൽ വേറിട്ട മാതൃകകൾ സൃഷ്ടിച്ച ഒരു വർഷത്തെ സേവനത്തിനുശേഷം കളക്ടർ എം. അഞ്ജന അടുത്തയാഴ്ച ചുമതല ഒഴിയും. പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ പദവികളിൽ നിയോഗിക്കപ്പെട്ടതിനെത്തുടർന്നാണിത്. ജില്ലയുടെ 46 ാമത് കളക്ടറായി 2020 ജൂൺ മൂന്നിന് ചുമതലയേറ്റ അഞ്ജന കൊവിഡ് ചികിത്സയ്ക്കും പരിചരണത്തിനും വിപുലമായ സൗകര്യങ്ങൾ സജ്ജമാക്കുകയും രണ്ടാം തരംഗത്തെ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി ഏകോപിപ്പിക്കുകയും ചെയ്തശേഷമാണ് മടങ്ങുന്നത്. ക്വാറന്റൈനിൽ കഴിയുന്നവർക്കും കൊവിഡ് സാഹചര്യത്തിൽ മാനസിക സമ്മർദ്ദം നേരിടുന്നവർക്കും പിന്തുണ നൽകുന്നതിനായി നടപ്പാക്കിയ പ്രത്യേക കാമ്പയിനുകൾ ഏറെ ശ്രദ്ധ നേടി. കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ജില്ലയിൽ എല്ലാ കേന്ദ്രങ്ങളിലും ഒരുക്കാൻ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ല ദുരന്ത നിവാരണ അതോറിറ്റിക്കായി. വ്യവസായ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട്, എം.പിഎം.എൽ.എ ഫണ്ടുകൾ, സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് എന്നിവ ഇതിനായി പ്രയോജനപ്പെടുത്തി. ജില്ലയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഒരു ഘട്ടത്തിൽ ഗണ്യമായി താഴ്‌ന്നെങ്കിലും രോഗവ്യാപനം ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. അതിനാൽ ജാഗ്രത തുടരേണ്ടത് അനിവാര്യമാണെന്ന് കളക്ടർ പറഞ്ഞു.