truck

ചങ്ങനാശേരി: ളായിക്കാട് - പാലാത്ര ബൈപ്പാസ് റോഡിൽ ട്രക്കുകളുടെയും ചരക്ക് ലോറികളുടെയും പാർക്കിംഗ് തുടരുന്നു. ബൈപ്പാസ് ആരംഭിക്കുന്ന ഭാഗത്തായി ഇരുവശങ്ങളിലുമാണ് ട്രക്കുകളും ചരക്ക് ലോറികളും പാർക്ക് ചെയ്തിരിക്കുന്നത്. ചങ്ങനാശേരി മാർക്കറ്റിൽ ചരക്ക് ലോറികൾ പാർക്ക് ചെയ്യുന്നതിനായി ലോറി സ്റ്റാൻഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാലങ്ങളായി ഇത് പ്രവർത്തനരഹിതമായി കിടക്കുകയാണ്. ലോക്ക്ഡൗൺ ഇളവിനെ തുടർന്ന്, വാഹനങ്ങളുടെ സഞ്ചാരവും വർധിച്ചതോടെ തിരുവല്ല, പെരുന്ന, ചങ്ങനാശേരി തുടങ്ങിയ ഇടങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾ ചങ്ങനാശേരി നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനായി ബൈപ്പാസിലൂടെയാണ് കടന്നു പോകുന്നത്. ബൈപ്പാസ് നവീകരണത്തെ തുടർന്ന് റോഡിന് ഇരുവശത്തും കൈവരിയും നടപ്പാതയും എത്തിയതോടെ റോഡിന്റെ വീതി കുറഞ്ഞു. ളായിക്കാട്- തിരുവല്ല ഭാഗങ്ങളിൽ നിന്ന് ആരംഭിക്കുന്ന ഭാഗത്താണ് ട്രക്കുകളും ലോറികളും പാർക്ക് ചെയ്തിരിക്കുന്നത്. ഇതിനു സമീപത്തായാണ് ളായിക്കാട് സിഗ്നലും പ്രവർത്തിക്കുന്നത്. തിരക്കേറിയ ഈ ഭാഗത്ത് വാഹനങ്ങൾ നിരയായി കിടക്കുന്നത് പതിവാണ്. നിരവധി ട്രക്കുകളും ലോറികളും സമാന രീതിയിൽ റോഡരികിൽ കിടക്കുന്നത് കുരുക്ക് കൂടുന്നതിനും പാലാത്ര ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ കാണാൻ സാധിക്കാതെ വരികയും കാഴ്ച്ച മറയ്ക്കുകയും ചെയ്യുന്നു. നഗരപരിധിയിൽ ടൗണിലെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിലവിൽ സംവിധാനങ്ങൾ ഇല്ല. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ട്രക്കുകളും ലോറികളും ബൈപ്പാസ് റോഡിൽ നിന്നും മാറ്റി പാർക്ക് ചെയ്യുന്നതിനുമായി അധികൃതർ നടപടി സ്വീകരിക്കുന്നതിനായി പദ്ധതികൾ ആവിഷ്‌ക്കരിച്ചെങ്കിലും കടലാസിൽ മാത്രമായി ഒതുങ്ങുകയാണ്.