ചങ്ങനാശേരി : അശാസ്ത്രീയ റോഡ് നിർമാണം മൂലം മലിനജലം വീടുകളിലേയ്ക്ക് ഒഴുകുന്നതായി പരാതി. പായിപ്പാട് തോട്ടഭാഗം റോഡിൽ പാറക്കൽപ്പടി പൈനുമ്പറ റോഡിന് സമീപത്ത് താമസിക്കുന്നവരാണ് ഇതോടെ ദുരിതത്തിലായത്. കുത്തനെയുള്ള ഇറക്കത്തിൽ ഓട നിർമിച്ചിട്ടില്ലാത്തതും, റോഡ് ഉയർത്തിയതുമാണ് വെള്ളം ഒഴുകിയെത്തുന്നതിന് ഇടയാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പൊതുമരാമത്ത് വകുപ്പ് മല്ലപ്പള്ളി ഡിവിഷനാണ് റോഡ് നിർമാണം നടത്തിയത്. റോഡ് ഉയർത്തി ഒന്നാംഘട്ടം ടാറിംഗ് ജോലികളും പൂർത്തിയാക്കി. പൈപ്പ് ലൈനും സ്ഥാപിച്ചു. മഴയിൽ വെള്ളം റോഡിൽ നിന്ന് പരന്നൊഴുകുകയാണ്. റോഡിന്റെ വശങ്ങളിലെ ടാറിംഗും ഇളകി ചെറുതും വലുതുമായ കുഴികളും രൂപപ്പെട്ടു. പൈപ്പ് ലൈൻ പണികൾക്ക് ശേഷം ഓട നിർമ്മിക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്.