വൈക്കം : കൊവിഡ് പശ്ചാത്തലത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ടവർ, തൊഴിൽരഹിതരായി വരുമാനം നഷ്ടപ്പെട്ടവരുടെ മക്കൾ തുടങ്ങി സമൂഹത്തിലെ അശരണരായ വിദ്യാർത്ഥികൾക്ക് 50 ലക്ഷം രൂപയുടെ വിവിധ വിദ്യാഭ്യാസ സഹായ പദ്ധതിയുമായി വൈക്കം ശ്രീമഹാദേവ കോളേജ്. 2021-22 അദ്ധ്യയന വർഷം മഹാദേവ കോളേജിൽ ഡിഗ്രി ,പി.ജി പ്രവേശനം നേടുന്നവരിൽ നിന്ന് യോഗ്യതയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നവർക്കാണ് ആനുകൂല്യങ്ങൾക്ക് അർഹത. മെറിറ്റ്, മാനേജ്‌മെന്റ് ക്വാട്ട വ്യത്യാസമില്ലാതെ അർഹതയുടെ അടിസ്ഥാനത്തിൽ ആനുകൂല്യം ലഭിക്കും. വിവിധ കോഴ്‌സുകളുടെ പഠനത്തിനായി ഫീസ് ഇനത്തിൽ 25 ലക്ഷം രൂപയും പഠന നിലവാരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സക്കോളർഷിപ്പുകളായി 10 ലക്ഷവും, പഠന സൗകര്യങ്ങൾക്കായി 15 ലക്ഷവുമാണ് വിനിയോഗിക്കുക. മാതാപിതാക്കൾ ഇല്ലാത്ത വിദ്യാർത്ഥികൾ ,പഠനത്തിൽ മിടുക്കരായ നിർദ്ധന വിദ്യാർത്ഥികൾ , ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ,സാമൂഹിക പിന്നാക്കാവസ്ഥയുള്ള വിദ്യാർത്ഥികൾ , സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗത്തിലെ കുട്ടികൾ എന്നിവർക്ക് ആനുകൂല്യത്തിനായി അപേക്ഷിക്കാം. അർഹതയുടെ അടിസ്ഥാനത്തിൽ 10% മുതൽ 100 % വരെ ഫീസിൽ ആനുകൂല്യം ലഭിക്കും. ശ്രീമഹാദേവ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി ,ഓം ഫൗണ്ടേഷൻ വിവിധ പ്രസ്ഥാനങ്ങളും സ്വദേശത്തും വിദേശത്തുമുള്ള സുമനസ്സുകൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സൊസൈറ്റി പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട്, പ്രിൻസിപ്പൽ സെറ്റിന പി.പൊന്നപ്പൻ എന്നിവർ അറിയിച്ചു. അപേക്ഷകൾ smcvaikom@gmail.com എന്ന മെയിലിലേക്കോ പ്രിൻസിപ്പളിന്റെ വിലാസത്തിലോ ആഗസ്റ്റ് 15 ന് മുമ്പായി അയക്കണം. അപേക്ഷയോടൊപ്പം തദ്ദേശസ്ഥാപനത്തിലെ ജനപ്രതിനിധിയുടെയോ അവസാനം പഠനം നടത്തിയ സ്ഥാപനത്തിന്റെ മേധാവിയുടെയോ സാക്ഷ്യപത്രവും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 9447165765, 9605038786 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. പദ്ധതിയുമായി സഹകരിക്കുവാൻ താത്പര്യമുളള വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും ബന്ധപ്പെടാം.