വൈക്കം : വേമ്പനാട്ടുകായലിൽ മത്സ്യലഭ്യത വർദ്ധിപ്പിക്കാൻ ഫിഷറീസിന്റെ ആഭിമുഖ്യത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വൈക്കം ബോട്ടുജെട്ടിക്കു സമീപം വേമ്പനാട്ടു കായലിൽ 50000 പൂമീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. അടുത്ത ദിവസം വേമ്പനാട്ടു കായലോര പ്രദേശമായ ഉദയനാപുരം നേരേകടവിലും 50000 പൂമീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കും. കഴിഞ്ഞ തവണ ഫിഷറീസ് അഞ്ച് ലക്ഷം കൊഞ്ചിൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. അതിജീവന ശേഷിയേറെയുള്ള പൂമീൻ കുഞ്ഞുങ്ങളിൽ ഭൂരിഭാഗവും വളർന്നു വലുതായി മത്സ്യതൊഴിലാളികൾക്ക് ലഭിക്കുമെന്നാണ് അധികൃതർ കരുതുന്നത്. ഒരു കിലോയിലധികം വളർച്ചയെത്തുന്ന പൂമീൻ സ്വാദിഷ്ടവും വിലയേറിയതുമാണ്. വൈക്കം നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് അസിസ്റ്റന്റ് എക്സ്റ്റഷൻ ഓഫിസർ എസ്.കൃഷ്ണ, നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, ഫിഷറീസ് ഓഫിസർ കെ.ജെ. പൊന്നമ്മ, നഗരസഭ കൗൺസിലർമാരായ സിന്ധു സജീവൻ, ബിന്ദു ഷാജി, എബ്രഹാം പഴയ കടവൻ, അശോകൻ വെള്ളവേലി, പ്രോജക്ട് കോ-ഓർഡിനേറ്റർ ബീന ജോസഫ്, ഫിഷറീസ് അസിസ്റ്റന്റ് ജെ.ഗിരീഷ്, പ്രമോർട്ടർമാരായ മിൻസി മാത്യു, കെ.പി.അഖിൽ, എസ്.നയൻതാര, മീര മധു, സുധഷാജി, ശ്രീജഗോപി ദാസ് തുടങ്ങിയവർ സംബന്ധിച്ചു.