കോട്ടയം : കോട്ടയം - ആലപ്പുഴ ജലപാതയിലെ ഉയർത്തു പാലങ്ങൾ കേടാകലും നന്നാക്കലും ചിലർക്ക് കമ്മിഷൻ അടിച്ചുമാറ്റാനാണെന്ന ആരോപണം ഉയർന്നുനിൽക്കുന്നതിനിടെ നാലു ഉയർത്തുപാലങ്ങളിൽ ഒരെണ്ണം കേടായി. വളഞ്ഞു ചുറ്റി മൂക്കിൽ പിടിക്കുന്നതുപോലെ ആലപ്പുഴ സർവീസ് കോടിമതയ്ക്ക് പകരം വീണ്ടും പള്ളം വഴിയാക്കി.
താഴത്തങ്ങാടിയാറ്റിലെ മത്സര വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളും ബോട്ടും കടന്നു പോകുന്നത്ര ഉയരത്തിൽ സ്ഥിരം തൂക്കുപാലം സ്ഥാപിച്ചിട്ടുള്ളത് പോലെ കോട്ടയം - ആലപ്പുഴ ജലപാതയിൽ നാല് തൂക്കു പാലങ്ങൾ ഉയരത്തിൽ സ്ഥാപിച്ചാൽ ബോട്ട് സർവീസ് ഒരിക്കലും മുടങ്ങില്ല. സ്ഥിരം പാലങ്ങൾ നിർമിച്ച് ജലഗതാഗതം സുഗമമാക്കണമെന്ന് ജല ഗതാഗത വകുപ്പ് അധികൃതരും ആവശ്യപ്പെടുന്നതാണ്. മാസങ്ങളോളം ബോട്ടുഗതാഗതം വഴിമാറിയാലും ജലഗതാഗതവകുപ്പിന്റെ വരുമാനം കുറഞ്ഞാലുമൊന്നും നഗരസഭാധികൃതർക്ക് ഇതിനോട് താത്പര്യമില്ല.
കോടിമത കാഞ്ഞിരം ജലപാതയിൽ നാടങ്കരി പാലം, പതിനാറിൽച്ചിറ പാലം, പാറോച്ചാൽ പാലം, ചുങ്കത്ത് മുപ്പത് പാലം എന്നിവയാണ് ഉയർത്തു പാലങ്ങൾ. ഇതിലൊരെണ്ണം കേടായാൽ ബോട്ട് സവ്വീസ് പള്ളം വഴിയാക്കേണ്ടി വരും.
സ്ഥിരെ കേടാകാൻ വിധി !
ചുങ്കത്ത് മുപ്പത് ഇരുമ്പ് പാലമാണ് സ്ഥിരം കേടാകൽ പാലം. മാസങ്ങളോളം കേടായി കിടന്നിട്ട് സമീപ നാളുകളിലാണ് അറ്റകുറ്റപണി നടത്തി ബോട്ട് സർവീസ് കോടിമതയിൽ നിന്ന് തുടങ്ങിയത്. കോടിമതയിൽ നിന്ന് ആലപ്പുഴയ്ക്ക് രണ്ട്
ബോട്ടുകളാണ് കൊവിഡ് കാലത്ത് സർവീസ് നടത്തി വന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ യാത്രചെയ്യാമെന്നതിനാൽ സാധാരണക്കാരും കർഷക, മത്സ്യ, ചെത്തുതൊഴിലാളികളും മറ്റും ബോട്ട് യാത്രയെ ആശ്രയിച്ചിരുന്നു. ചരക്കു സാധനങ്ങൾ കുറഞ്ഞ നിരക്കിൽ ആലപ്പുഴയ്ക്ക് എത്തിക്കാനുമാകും. കോടിമതയ്ക്ക് പകരം പള്ളംവഴി സർവീസ് നടത്തുമ്പോൾ യാത്രാസമയം രണ്ടുമണിക്കൂറിന് പകരം മൂന്നു മണിക്കൂറോളമാകും. കാരാപ്പുഴ, പതിനാറിൽച്ചിറ, പാറോച്ചാൽ, ചായക്കട, വെട്ടിക്കാട്, പന്ത്രണ്ട് പങ്ക്, എം.എം ബ്ലോക്ക് ജട്ടികൾ ഒഴിവാക്കി പള്ളം പഴുക്കാനിലം വഴിയാകും ബോട്ട് യാത്ര.
കോടിമത - ആലപ്പുഴ റൂട്ടിൽ സോളാർ, എ.സി അതിവേഗ ബോട്ടുകൾ സർവീസ് നടത്താൻ ആലോചിക്കുമ്പോഴാണ് വീണ്ടും പാലം തകരാർ. പള്ളംവഴിയുള്ള സർവീസ് ഇന്ധനനഷ്ടമാണ്. വരുമാനത്തെയും ബാധിക്കും. ഉയർത്തുപാലങ്ങൾക്ക് പകരം സ്ഥിരം പാലങ്ങൾ വന്നാലേ ശാശ്വത പ്രശ്നപരിഹാരമാകൂ.
ഷാജി വിനായർ, ഡയറക്ടർ
ജലഗതാഗതവകുപ്പ്