ചങ്ങനാശേരി : വാഴൂർ റോഡിൽ - റെയിൽവേ ബൈപ്പാസ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് നാലുമാസമാകുന്നു. സന്ധ്യകഴിഞ്ഞാൽ റെയിൽവേ റോഡിലൂടെയുള്ള യാത്രയും ബൈപ്പാസ് റോഡിലൂടെയുള്ള യാത്രയും ഇതോടെ ദുസ്സഹമായി. ബൈപ്പാസ് റോഡിൽ ളായിക്കാട് മുതൽ പാലാത്ര വരെ പലയിടത്തും വഴിവിളക്കുകൾ കത്താറില്ല. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ ദിനംപ്രതി സംഭവിക്കുന്നത്. രാത്രികാലങ്ങളിലെ വാഹനങ്ങളുടെ അമിത വേഗതയും വെളിച്ചം ഇല്ലാത്തതും അപകടത്തിന്റെ ആക്കം കൂട്ടുന്നു. നാല് വശത്തു നിന്നും എത്തുന്ന വാഹനങ്ങൾ സിഗ്നലിൽ നിറുത്താറുണ്ടെങ്കിലും കടന്നുപോകുന്നതിനുള്ള തിരക്ക് അപകടസാദ്ധ്യത കൂട്ടുന്നു. വാഹനങ്ങളിൽ നിന്നുള്ള വെളിച്ചമാണ് ഏക ആശ്രയം. നിയന്ത്രണം വിട്ടെത്തുന്ന വാഹനങ്ങൾ ഹൈമാസ്റ്റ് ലൈറ്റ് തൂണിൽ ഇടിച്ച് അപകടത്തിൽപ്പെടുന്നതും പതിവാണ്.