കട്ടപ്പന: ഇറച്ചിക്കോഴി വില കുത്തനെ ഉയർന്നു. 90ൽ നിന്ന് ഒരാഴ്ചയ്ക്കിടെ 50 രൂപ വർദ്ധിച്ച് 140 രൂപയിലെത്തി. കോഴിത്തീറ്റയ്ക്ക് വില കൂടിയതാണ് ഇപ്പോഴത്തെ വില വർദ്ധനയ്ക്ക് കാരണം. ഇതോടെ തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഫാമുകളിൽ ഇറച്ചിക്കോഴി ഉത്പ്പാദനവും കുറഞ്ഞിട്ടുണ്ട്. 50 കിലോഗ്രാം കോഴിത്തീറ്റയ്ക്ക് 2100 രൂപയാണ് ഇപ്പോഴത്തെ വില. മാസങ്ങൾക്ക് മുമ്പ് 1380 രൂപയായിരുന്നു. 2 മാസത്തിനിടെ 700 രൂപയാണ് കൂടിയത്. കോഴിത്തീറ്റയുടെ വില കൂടിയത് ഉത്പ്പാദകരെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ലോക്ക് ഡൗണിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിലുള്ള വിലക്കയറ്റത്തെ തുടർന്ന് ചെറുകിട ഫാമുകൾ ഉത്പ്പാദനം നിർത്താനൊരുങ്ങുകയാണ്. ഇതിനിടെ കോഴി വില കൂടിയതോടെ കടകളിൽ കച്ചവടവും വൻതോതിൽ കുറഞ്ഞിരിക്കുകയാണ്. ഹോട്ടലുകൾ തുറന്നുപ്രവർത്തിക്കാത്തതും വ്യാപാരികൾക്ക് തിരിച്ചടിയായി. നാടൻ കോഴിക്ക് 200 രൂപയാണ് വില.
സോയാബീനും

കാരണക്കാരൻ

കോഴിത്തീറ്റ ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ പ്രധാന അസംസ്‌കൃത വസ്തുവായ സോയാബീനിന്റെ വില ഇരട്ടിയിലധികമായി വർദ്ധിച്ചു. കിലോഗ്രാമിന് 35 രൂപ ആയിരുന്നത് 75ലെത്തി. ഇതോടെ കോഴിത്തീറ്റ വിലയും കൂടി. കേരളത്തിൽ സോയാബീൻ കൃഷി ചെയ്യുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്ന സോയാബീൻ പുറത്തേയ്ക്ക് കയറ്റുമതി ചെയ്യുകയാണ്.

ആഭ്യന്തര ഉത്പ്പാദനം

കുത്തനെ കുറഞ്ഞു

ജില്ലയിൽ വിൽക്കുന്ന ഇറച്ചിക്കോഴിയിലേറെയും തമിഴ്‌നാട്ടിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇടുക്കിയിലെ ഫാമുകളിലടക്കം ആഭ്യന്തര ഉത്പ്പാദനം കുത്തനെ കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി. പ്രതിദിനം 3 മുതൽ 5 ടൺവരെ ഇറച്ചിക്കോഴി അതിർത്തി ചെക്‌പോസ്റ്റുകളിലൂടെ എത്തുന്നതായാണ് കണക്ക്. തമിഴ്‌നാട്ടിലെ കമ്പം, ചിന്നമന്നൂർ, തേനി, ഉത്തമപാളയം, ഗൂഡല്ലൂർ, രായപ്പൻപെട്ടി എന്നിവിടങ്ങളിലെ ഫാമുകളിൽ നിന്നാണ് ജില്ലയിലേക്ക് ഇറക്കുമതിയുള്ളത്.