കടനാട് : രണ്ടാഴ്ചയായി തകർന്ന് കിടന്ന റോഡ് ഒറ്റ ദിവസം കൊണ്ട് ഗതാഗയോഗ്യമാക്കി കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു നാട്ടുകാരെ ഞെട്ടിച്ചു. കടനാട് പഞ്ചായത്തിലെ 12-ാം വാർഡിലുള്ള കറ്റിയാങ്കൽ റോഡ് രണ്ടാഴ്ച മുൻപുണ്ടായ കനത്തെ മഴയിലാണ് മണ്ണിടിഞ്ഞ് താഴ്ന്നത്. നെടുനീളെ ചെളിവെള്ളക്കെട്ടും രൂപപ്പെട്ടു. പാവപ്പെട്ട നൂറോളം കുടുംബങ്ങളുടെ ഏകആശ്രയമായ വഴി നാട്ടുകാർക്കാകെ ദുരിതപാതയായി. മുട്ടൊപ്പം ചെളിവെള്ളത്തിൽ മുങ്ങിയ റോഡിന്റെ ശോചനീയാവസ്ഥ വ്യാഴാഴ്ച വൈകിട്ടാണ് നാട്ടുകാരിലൊരാൾ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ വൈസ് പ്രസിഡന്റ് സെൻസി പുതുപ്പറമ്പിലിനേയും കൂട്ടി സ്ഥലം സന്ദർശിച്ച് യാത്രാ ദുരിതം ബോദ്ധ്യപ്പെട്ടു. തുടർന്ന് പഞ്ചായത്തിലെ പാറമട ഉടമകളുമായി ബന്ധപ്പെട്ട് അടിയന്തിരമായി ഇവിടെ പാറമക്കും പൊടിയും ഇടാൻ നിർദ്ദേശം നൽകി. ഇന്നലെ രാവിലെ മൂന്നു ലോഡോളം പാറമക്ക് റോഡിലെ കുഴിയിൽ നിറച്ച് റോഡ് താത്കാലികമായി ഗതാഗത യോഗ്യമാക്കി. മഴ മാറിയാലുടൻ ഈ ഭാഗം കോൺക്രീറ്റ് ചെയ്യുമെന്ന് ജനങ്ങൾക്ക് ഉറപ്പും നൽകിയാണ് പ്രസിഡന്റും, വൈസ് പ്രസിഡന്റും മടങ്ങിയത്. അടിയന്തിരമായി റോഡ് നന്നാക്കാൻ നടപടി സ്വീകരിച്ച ഉഷാ രാജുവിനോട് നാട്ടുകാർ നന്ദി പറഞ്ഞു.
നിരവധിപ്പേരുടെ ആശ്രയം
നാട്ടുകാർക്ക് പുറമെ കാവുംകണ്ടത്തു നിന്ന് നീലൂർ, കടനാട് മേഖലകളിൽ നിന്ന് നിരവധിപ്പേർ ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. കറ്റിയാനിക്കൽ കുന്നും ഭാഗം മല മേഖലയായതിനാൽ പ്രാദേശിക ഭരണാധികാരികളുടെ ശ്രദ്ധ കിട്ടുന്നില്ലെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ടായിരുന്നു. സ്ഥലം ജനപ്രതിനിധി ഇക്കാര്യത്തിൽ ചെറുവിരലനക്കിയില്ലെന്നും ആരോപണമുയർന്നിരുന്നു. ഇതിനിടയിലാണ് വിവരമറിഞ്ഞ ഉടൻ പ്രശ്‌ന പരിഹാരത്തിനായി പഞ്ചായത്ത് പ്രസിഡന്റ് മുന്നോട്ടു വന്നത്.