കട്ടപ്പന: കൃഷിക്കാർ നട്ടുവളർത്തിയ മരം മുറിക്കാൻ അനുവാദം നൽകിയുള്ള ഉത്തരവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ സഭയുടെ നേതൃത്വത്തിൽ 13, 14 തീയതികളിൽ സത്യഗ്രഹം നടത്തും. ജില്ലയിലെ 100 കേന്ദ്രങ്ങളിൽ വൈകിട്ട് നാല് മുതൽ പ്രവർത്തകർ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി മാത്യു വർഗീസ് അറിയിച്ചു. കൂടാതെ 16 മുതൽ ഗവർണർ, മുഖ്യമന്ത്രി, റവന്യു മന്ത്രി, കൃഷി മന്ത്രി എന്നിവർക്ക് ഓൺലൈനായി നിവേദനങ്ങളും അയയ്ക്കും. കൃഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഉത്തരവ് പുറത്തിറക്കിയ എൽ.ഡി.എഫ് സർക്കാരിനെയും വനം, റവന്യൂ മന്ത്രിമാരെയും ചിലർ അധിക്ഷേപിക്കുകയാണ്. സർവകക്ഷി യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. കർഷകരെ കൈയേറ്റക്കാരായി ചിത്രീകരിച്ച് വനം വകുപ്പിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരും ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാൻ ഗൂഡാലോചന നടത്തിയവരും കർഷകരെ ദ്രോഹിക്കാൻ മുൻപന്തിയിലുണ്ട്. കൃഷിക്കാരുടെ ആനുകൂല്യങ്ങൾ തടസപ്പെടുത്തുന്നവർ നാടിന്റെ ശത്രുക്കളാണെന്നും മാത്യു വർഗീസ് പറഞ്ഞു. നേതാക്കളായ ടി.സി. കുര്യൻ, ജോയി വടക്കേടം, പി.എസ്. നെപ്പോളിയൻ, കെ.ആർ. ഷാജി, വി.ആർ. ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.