വണ്ടിപ്പെരിയാർ: കേരളത്തിൽ പട്ടികജാതി വനിതകൾക്കും പെൺകുട്ടികൾക്കുമെതിരെ അതിക്രമങ്ങളും പീഡനങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ദേശീയ പട്ടികജാതി കമ്മീഷനും നിവേദനം നൽകുമെന്ന് ബി.ജെ.പി. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ബാലികയുടെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ുേഹം. അദ്ദേഹം. രാജ്യത്ത് പട്ടികജാതിക്കാർക്ക് നേരെ ഏറ്റവുമധികം അതിക്രമം നടക്കുന്ന സംസ്ഥാനമായി കേരളം മാറി. പിഞ്ചുകുഞ്ഞുങ്ങൾക്ക് വരെ ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഇത് സംബന്ധിച്ച് ദേശീയ പട്ടികജാതി കമ്മീഷൻ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമം ഫലപ്രദമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല. പല കേസിലെയും പ്രതികളെ രക്ഷിക്കാൻ ശ്രമമുണ്ടായി.വണ്ടിപ്പെരിയാർ സംഭവത്തിൽ ബാലാവകാശ കമ്മിഷന്റെയും സർക്കാരിന്റെയും മൗനം വേദനാജനകമാണ്. ഉത്തരേന്ത്യയിലേക്ക് നോക്കിയിരിക്കുന്ന സാംസ്‌കാരിക നായകരും ദളിത് വനിത ആ്ര്രകിവിസ്റ്റുകളും മൗനം പാലിച്ചു. ഇവർ നിലപാട് വ്യക്തമാക്കണം. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ. മോഹനൻ, സെക്രട്ടറി അശോകൻ മുട്ടം, അനീഷ്‌കുമാർ, എസ്.പി. രാജേഷ്, സഞ്ചയ്ൻ, വേലുസ്വാമി, അറുമുഖൻ, കണ്ണൻ, അയ്യപ്പദാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.