padashekaram

കോട്ടയം: കാട് മൂടി കിടന്നിരുന്ന പാടശേഖരം പുഞ്ചകൃഷിയ്ക്കായി ഒരുങ്ങുന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് കൊല്ലാട് കൊച്ചീമൂല പാടശേഖരം കതിരണിയ്ക്കുന്നതിനായി കർഷകർ ഒരുക്കുന്നത്. പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് വാർഡുകൾ ഉൾപ്പെടുന്ന പാടമാണ് കൊച്ചീമൂല. പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പുഞ്ചകൃഷിക്കായി തയാറെടുക്കുന്നത്. കൃഷി വീണ്ടും ആരംഭിക്കുന്നതോടെ, പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും. പഞ്ചായത്തിന്റെ ജലനിധിയുടെ ഒരു കുളവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. അറുപതോളം പേരാണ് ഇതിനെ ആശ്രയിച്ച് കഴിയുന്നത്. പാടശേഖരം വൃത്തിയാക്കി കൃഷി ആരംഭിക്കുമ്പോൾ കുളത്തിലെ ജലവും കൂടുതൽ ശുദ്ധമാകുമെന്നും മത്സ്യ സമ്പത്ത് വർദ്ധിക്കുമെന്നും കൃഷിക്കാർ പറയുന്നു. ജില്ലാ പഞ്ചായത്തംഗം വി.കെ വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ, വാർഡ് മെമ്പർമാരായ ജയന്തി ബിജു, നൈസി മോൾ, മുൻ പഞ്ചായത്തംഗങ്ങളായ ഷെബിൻ ജേക്കബ്, ടി.ടി ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാടശേഖരസമിതി രൂപീകരിച്ചിരിക്കുന്നത്.