park-

ചങ്ങനാശേരി: ഒഴിവുള്ള ദിവസങ്ങളും സായാഹ്നങ്ങളും ചെലവഴിക്കുന്നതിനായി എത്തിയിരുന്ന പാർക്ക് ഇപ്പോൾ ഇഴജന്തുക്കളുടെ പിടിയിലായി. നഗരത്തിൽ എത്തുന്നവരുടെയും കലാ ആസ്വാദകരുടെയും പ്രധാന ഇരിപ്പിടം കൂടിയായിരുന്നു ചങ്ങനാശേരി മുൻസിപ്പൽ പാർക്ക്. തണൽ മരങ്ങളും സമീപത്തായുള്ള പൂവക്കാട്ടുചിറ കുളവും ആളുകളെ കൂടുതലായി ഇവിടേക്ക് ആകർഷിച്ചിരുന്നു. ചങ്ങനാശേരി എസ്ബി കോളേജിന് എതിർവശത്തായി എംസി റോഡിനോടു ചേർന്നാണ് ഈ വിനോദ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.എന്നാൽ, ഇന്ന് പാർക്ക് പ്രതാപം നഷ്ടമായി കാടും പടർപ്പും കയറി ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ഇഷ്ടഇടമായി മാറി. ഇടക്കാലത്ത് പാർക്ക് വൃത്തിയാക്കിയെങ്കിലും വീണ്ടും പഴയ പടിയായി. കൃത്യമായ മേൽനോട്ടവും അറ്റകുറ്റപ്പണികളും ചെയ്യാതെ പാർക്ക് നാശത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു. പാർക്കിൽ നിരവധി കാറ്റാടിമരങ്ങളും തണൽമരങ്ങളും ഉണ്ടായിരുന്നു. എന്നാൽ പലതും കാറ്റിലും മഴയിലും കടപുഴകി വീണു. സംരക്ഷണ ഭിത്തികൾക്ക് കേടുപാടുകൾ സംഭവിച്ചു. പാർക്കിനുള്ളിലെ കെട്ടിടത്തിനും ബലക്ഷയമുണ്ടായി. കൊവിഡ് മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമുതൽ കഴിഞ്ഞ രണ്ടു വർഷമായി പാർക്ക് നാശത്തിലേക്ക് കൂപ്പുകുത്തി. പാർക്കിന്റെ സംരക്ഷണത്തിനായി ഒരു ജീവനക്കാരനാണ് ഉണ്ടായിരുന്നത്. പാർക്കിനുള്ളിൽ പാർലറിന്റെ പ്രവർത്തനം പൂർണ്ണമായി നിലച്ചു, വൃത്തിഹീനമായതും അടച്ചുറപ്പ് ഇല്ലാത്ത വാതിലുകളുമാണ് ടോയ്‌ലെറ്റിനുള്ളത്. കുട്ടികളുടെ പാർക്കിൽ നിരവധി വിനോദോപാധികൾ ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം ഉപയോഗശൂന്യമായി തുരുമ്പെടുത്ത നിലയിലും കാടും പടലവും നിറഞ്ഞു. പാർക്കിന്റെ ഉള്ളിൽ പലഭാഗങ്ങളിലായി തുരുമ്പെടുത്ത റൈഡുകളും മദ്യകുപ്പികളും മാലിന്യങ്ങളും അപകടകരമാം വിധം കൂട്ടിയിട്ടിട്ടുണ്ട്. മുൻപ് ദിനംപ്രതി നൂറുകണക്കിന് സന്ദർശകർ എത്തിയിരുന്നതാണ്. സംരക്ഷണ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ഗ്രിൽ, കാമറ, ലൈറ്റ് തുടങ്ങിയവയും നാശോമുഖമായി. പാർക്ക് ലേലത്തിൽ എടുക്കാൻ ആളുകൾ എത്താത്തതും കൃത്യമായ പരിപാലനവും ഇല്ലാത്തതാണ് പാർക്കിന്റെ നാശത്തിനു കാരണം. പാർക്കിനുള്ളിൽ ഫൗണ്ടൻ സ്ഥാപിക്കുക, കവാടം മോടിപിടിപ്പിക്കുക, പുല്ലു വച്ചുപിടിപ്പിക്കുക, മത്സ്യക്കുളം നിർമിക്കുക കൂടുതൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കുക, ചുറ്റുമതിലുകളുടെ കേടുപാടുകൾ തീർക്കുക തുടങ്ങിയ പദ്ധതികൾ ആവിഷ്‌കരിച്ച് പാർക്കിന്റെ പ്രതാപം വീണ്ടെടുത്തു സാംസ്‌കാരിക സായാഹ്നങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്കു പാർക്ക് വേദിയാക്കാൻ നിരവധി പദ്ധതികൾ നഗരസഭ അധികൃതർ ആസൂത്രണം ചെയ്‌തെങ്കിലും നടപ്പിലായില്ല.