കടുത്തുരുത്തി: ആപ്പാഞ്ചിറ ഗവ: പോളിടെക്‌നിക് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള എല്ലാ ബസ് സർവീസുകൾക്കും സ്റ്റോപ്പ് അനുവദിച്ചതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജുവിന് ഇക്കാര്യം ആവശ്യപ്പെട്ട് മോൻസ് ജോസഫ് എം.എൽ.എ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച് നടപടി സ്വീകരിച്ചത്. വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ, കടുത്തുരുത്തി ഗവ: പോളിടെക്‌നിക് കോളേജ് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഉപകാരപ്രദമായ കാര്യമാണ് ആപ്പാഞ്ചിറയിൽ കെ.എസ്.ആർ.ടി.സി സ്റ്റോപ്പ് അനുവദിച്ചതിലൂടെ യാഥാർഥ്യമായിരിക്കുന്നതെന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു.അനുകൂല നടപടി സ്വീകരിച്ച ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജുവിനും, സംസ്ഥാന സർക്കാരിനും എം.എൽ.എ നന്ദി അറിയിച്ചു.