കോട്ടയം : ജില്ലയിൽ കോൺഗ്രസ് നേതൃത്വം യുവാക്കളേയും പിന്നാക്ക വിഭാഗങ്ങളെയും അവഗണിക്കുന്നെന്ന ആരോപണത്തിന് ശക്തി പകർന്ന്, കുറിച്ചി ഡിവിഷനിൽ നിന്നുള്ള യുവനേതാവ് പി.കെ.വൈശാഖിനെ ജില്ലാ ആസൂത്രണ സമിതിയിൽ നിന്ന് വെട്ടിമാറ്റി. സമിതിയിലേയ്ക്ക് നടന്ന ജില്ലാ പഞ്ചായത്ത് പ്രതിനിധിയുടെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അവകാശപ്പെട്ട ജനറൽ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയാണ് ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചരടുവലി നടന്നത്. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള പി.കെ.വൈശാഖിനെ വെട്ടിയതിലൂടെ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള രണ്ട് പേരെ ആസൂത്രണ സമിതി അംഗങ്ങളാക്കാനും കഴിഞ്ഞു. കഴിഞ്ഞ എട്ടിന് നടന്ന ആസൂത്രണ സമിതി തിരഞ്ഞെടുപ്പിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നോമിനിയായ വൈശാഖിന്റെ പേര് ഉയർന്നത്. തീരുമാനത്തിന് ഉമ്മൻചാണ്ടിയും കൈയടിച്ചതിനിടെയാണ് വാകത്താനം കേന്ദ്രമായി 'കുളംകലക്കൽ' ആരംഭിച്ചത്. കോൺഗ്രസിന്റെ അഞ്ചും ജോസഫ് വിഭാഗത്തിന്റെ രണ്ടും ഉൾപ്പെടെ ഏഴ് അംഗങ്ങളാണ് ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിനുള്ളത്. അംഗ ബലംവച്ച് ഒരു ജനറൽ സീറ്റും ഒരു വനിതാ സംവരണ സീറ്റും യു.ഡി.എഫിന് ലഭിക്കും. മത്സര സാഹചര്യമില്ലാത്തതിനാൽ കോൺഗ്രസിന് ജനറൽ സീറ്റ് വേണമെന്ന് ആവശ്യമുയർന്നു.
പിന്നീട് നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ഇക്കാര്യം പുതുപ്പള്ളി ഡിവിഷനിലെ നിബു എം ജോൺ അടക്കമുള്ളവർ ഉന്നയിച്ചു. ഇതിനിടെ മഹിളാ കോൺഗ്രസിലെ സുധാ കുര്യൻ ഡി.പി.സി സ്ഥാനത്തിനായി ആഗ്രഹം പ്രകടിപ്പിച്ചു. മഹിളാ കോൺഗ്രസിന്റെയും കെ.പി.സി.സിയുടേയും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവിന്റെയും പാർലമെന്ററി പാർട്ടി ലീഡറിന്റെയും ചുമതല വഹിക്കുന്ന സുധാ കുര്യനെ ഡി.പി.സി അംഗം കൂടിയാക്കുന്നതിൽ ആദ്യമേ എതിർപ്പുയർന്നു. ജനറൽ സീറ്റ് കൈവിട്ട് സുധാ കുര്യനായി സംവരണ സീറ്റ് ഏറ്റെടുക്കേണ്ടെന്ന നിലപാടാണ് കോൺഗ്രസിലെ ഭൂരിഭാഗം അംഗങ്ങളും പാർലമെന്ററി പാർട്ടി യോഗത്തിൽ സ്വീകരിച്ചത്. ഇതിന് പിന്നാലെ കേരളാ കോൺഗ്രസിലെ ജോസ്‌മോൻ മുണ്ടക്കൽ ജനറൽ സീറ്റ് ആവശ്യപ്പെട്ടെങ്കിലും സംവരണ സീറ്റ് നൽകാമെന്ന നിലപാടിൽ കോൺഗ്രസ് അംഗങ്ങൾ ഉറച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന എട്ടിന് രാവിലെ 9 ന് വീണ്ടും പാർലമെന്ററി പാർട്ടി ചേരാമെന്ന ധാരണയിൽ യോഗം പിരിഞ്ഞെങ്കിലും അന്ന് വൈകിട്ട് വാകത്താനത്ത് നടന്ന ഗൂഢാലോചനയിൽ വൈശാഖിനെ വെട്ടാനുള്ള തീരുമാനം ഉറപ്പിച്ചു. പിറ്റേന്ന് രാവിലെ എട്ടിന് ജോഷി ഫിലിപ്പ് നേരിട്ട് വിളിച്ച് കോൺഗ്രസ് സംവരണ സീറ്റ് ഏറ്റെടുത്ത് സുധാകുര്യനെ ഡി.പി.സി അംഗമാക്കാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. ഫലത്തിൽ വൈശാഖിനെ നൈസായി ഒഴിവാക്കിയതിനൊപ്പം സുധാകുര്യനെയും ജോസ്‌മോൻ മുണ്ടക്കലിനെയും ഡി.പി.സിയിൽ എത്തിക്കാനും കഴിഞ്ഞു. പാർലമെന്ററി പാർട്ടിയോഗം പോലും ചേരാതെ ഏക പക്ഷീയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനിതിരെ യുവാക്കളും പ്രതിഷേധത്തിലാണ്.