കട്ടപ്പന: ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ്. ചെയർപേഴ്‌സൺ സന്ധ്യ ബിനോയുടെ നേതൃത്വത്തിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി സി.ഡി.എസ്. അംഗം ബിൻസി ജെയിംസ് ആരോപിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ ഇവർക്ക് ഒത്താശ ചെയ്യുന്നതായും തട്ടിപ്പ് പുറത്തുകൊണ്ടുവന്നപ്പോൾ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായും കാട്ടി ഗവർണർ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതായി ബിൻസി പറഞ്ഞു. അണക്കരയിൽ ആരംഭിച്ച ജനകീയ ഹോട്ടലിലും തട്ടിപ്പ് നടത്തുന്നതായി ബിൻസി ആരോപിച്ചു. പിന്നാക്ക വികസന കോർപ്പറേഷൻ കുടുംബശ്രീക്ക് അനുവദിച്ച 2.18 കോടി രൂപ കുടുംബശ്രീ യൂണിറ്റുകൾക്ക് വിതരണം ചെയ്തപ്പോഴും ഒരു ലക്ഷത്തിന് 1000 രൂപ പ്രകാരം കമ്മിഷൻ കൈപ്പറ്റി. സി.ഡി.എസ് നിർമിച്ച മുഖാവരണങ്ങൾ പഞ്ചായത്തിന് കൈമാറിയതിലും ചെയർപേഴ്‌സൺ ലാഭമുണ്ടാക്കി. ആശ്രയ ഗ്രാമസഭയിൽ 150 ഊണ് നൽകിയപ്പോൾ 250 എണ്ണത്തിന്റെ പണം മാറിയെടുത്തു. തൊഴിലുറപ്പ് പദ്ധതി ഇൻഫർമേഷൻ ബോർഡ് നിർമാണത്തിന് 2 ലക്ഷം രൂപ സി.ഡി.എസിന്റെ അക്കൗണ്ടിൽ നിന്ന് എടുത്ത് ചെലവഴിച്ചു. നടത്തിപ്പ് സി.ഡി.എസിന് ആയിരുന്നെങ്കിലും ചെയർപേഴ്‌സൺ ഒറ്റയ്ക്ക് ലാഭമുണ്ടാക്കി. ജില്ലാ മിഷനെ തെറ്റിദ്ധരിപ്പിച്ച് ഒരു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ ജനകീയ ഹോട്ടലിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയതായും ബിൻസി ആരോപിച്ചു. കൂടാതെ ഇതിന്റെ ബാങ്ക് അക്കൗണ്ട് മാറ്റാനായി തന്റെ വ്യാജ ഒപ്പിട്ടു. ഒടുവിൽ തന്റെ ഉടമസ്ഥതയിലുള്ള വേയിംഗ് ബ്രിഡ്ജിൽ വാറ്റുപകരണങ്ങൾ കൊണ്ടുവച്ച് കള്ളക്കേസിൽ കുടുക്കാനും നീക്കം നടക്കുകയാണ്. ക്രമക്കേടിന് കുടുംബശ്രീ ജില്ലാ മിഷനെയും ഗ്രാമപഞ്ചായത്തിനെയും ഉപയോഗിക്കുന്നതായും ബിൻസി ആരോപിച്ചു.


നിയമ നടപടി സ്വീകരിക്കും: ചെയർപേഴ്‌സൺ

ചക്കുപള്ളം പഞ്ചായത്തിലെ ജനകീയ ഹോട്ടലുമായി ബന്ധപ്പെട്ട് സി.ഡി.എസ് അംഗം നടത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സി.ഡി.എസ് ചെയർപേഴ്‌സൺ സന്ധ്യ ബിനോ. ഇതിനെതിരെ മാനനഷ്ടക്കേസ് ഉൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കും. 6 വർഷമായി ചെയർപേഴ്‌സണായി പ്രവർത്തിച്ചുവരികയാണ്. ഫെബ്രുവരി 14നാണ് ജനകീയ ഹോട്ടൽ ആരംഭിച്ചത്. സി.ഡി.എസ് അംഗമായ ബിൻസി ജെയിംസ് ഉൾപ്പെടുന്ന 4 അംഗ സംരംഭക യൂണിറ്റിനാണ് ഹോട്ടലിന്റെ നടത്തിപ്പ്. എന്നാൽ അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ജൂൺ 9ന് ബിൻസിയെ പുറത്താക്കിയിരുന്നു. ഇക്കാര്യം സി.ഡി.എസിനെയും മോണിറ്ററി സമിതിയേയും അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ബിൻസിയെ പുറത്താക്കിയ ശേഷം പുതിയ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ പേരിൽ ബാങ്ക് അക്കൗണ്ടും മാറ്റി.മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും ചെയർപേഴ്‌സൺ പറഞ്ഞു.