കോട്ടയം : അന്തരീക്ഷ വായുവിൽനിന്ന് ഓക്‌സിജൻ ശേഖരിച്ച് ചികിത്സാ ആവശ്യത്തിനായി സിലിൻഡറുകളിൽ നിറയ്ക്കുന്ന ജില്ലയിലെ ആദ്യപ്ലാന്റ് ഉടൻ പ്രവർത്തന സജ്ജമാകും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പിന്തുണയോടെ മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റി എലിക്കുളം പഞ്ചായത്തിലെ തമ്പലക്കാട് സ്ഥാപിക്കുന്ന പ്ലാന്റിന്റെ ക്രമീകരണങ്ങൾ അവസാനഘട്ടത്തിലാണ്. കൊവിഡ് വ്യാപനം തുടങ്ങിയതിനുശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ഒരു പ്ലാന്റ് സജ്ജമാകുന്നത്. ഒരു ദിവസം 240 ഡിടൈപ്പ് സിലിൻഡറുകൾ നിറയ്ക്കാനാകും. ഓക്‌സിജൻ പ്ലാന്റുകൾ ഇല്ലാത്ത ആശുപത്രികൾക്കും ആംബുലൻസുകൾക്കും മറ്റുമുള്ള സിലിൻഡറുകൾ നിറയ്ക്കുന്നതിന് മറ്റു ജില്ലകളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഇതോടെ ഒഴിവാകും. അന്തരീക്ഷ വായുവിൽനിന്ന് ഓക്‌സിജൻ വേർതിരിച്ച് സിലിൻഡറുകളിൽ നിറയ്ക്കുന്ന പ്ലാന്റുകൾ നിലവിൽ ജില്ലയ്ക്ക് ഏറ്റവുമടുത്തുള്ളത് മാവേലിക്കരയിലും എറണാകുളത്തുമാണ്. പുതിയ പ്ലാന്റ് പ്രവർത്തനമാരംഭിക്കുതോടെ സമീപ ജില്ലകൾക്ക് ആവശ്യമുള്ള സിലിൻഡറുകളും ഇവിടെ നിറയ്ക്കാനാകും.
ജില്ലാ കളക്ടർ എം.അഞ്ജന ഇന്നലെ പ്ലാന്റ് സന്ദർശിച്ചു. ഫാ. തോമസ് മറ്റമുണ്ടയിൽ, ജോയിന്റ് ഡയറക്ടർ ഫാ. ആൽബിൻ പുൽത്തകടിയേൽ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഡോ. ഭാഗ്യശ്രീ, എൻ.എച്ച്.എം എൻജിനീയർ സൂരജ് ബാലചന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.