karadippara
ചിത്രം: തിരക്കൊഴിഞ്ഞ കരടിപ്പാറ

അടിമാലി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലൂടെ മൂന്നാറിലേക്ക് സഞ്ചരിക്കുന്നവരുടെ ഇഷ്ടകേന്ദ്രങ്ങളിൽ ഒന്നാണ് കരടിപ്പാറ. ദൂരേയ്ക്ക് നോക്കിയാൽ പേരറിയാവുന്നതും അറിയാത്തതുമായ മലയോര ഗ്രാമങ്ങളുടെ പരന്ന കാഴ്ച കരടിപ്പാറ നൽകും. കീഴ്ക്കാംതൂക്കായ മലഞ്ചെരിവിന്റെ ഏറെക്കുറെ ഒത്തമുകളിൽ നിന്നുള്ള മനോഹരമായ വ്യൂവാണ് കരടിപ്പാറയുടെ പ്രത്യേകത. താഴെ വൻമരങ്ങളും വീടുകളും ജലാശങ്ങളുമൊക്കെ ചുരുങ്ങി ചെറുതായതുപോലെ തോന്നും. മലനിരകളെ ചുംബിക്കുന്ന കോടമഞ്ഞും കുളിരും കരടിപ്പാറയുടെ പ്രഭാതങ്ങൾക്ക് വല്ലാത്ത ഭംഗിനൽകുന്നതാണ്. പാതയോട് ചേർന്നുള്ള പാറക്കെട്ടുകളുടെ തുഞ്ചത്തെപ്പോഴും കോടമഞ്ഞിന്റെ മേലങ്കിയുണ്ടാകും. ഇടയ്ക്ക് അവ താഴേക്കിറങ്ങി സഞ്ചാരികളെ പുൽകും. സന്ദർശകരുടെ തിരക്കൊഴിഞ്ഞാൽ നിശബ്ദമാകും കരടിപ്പാറ. മരങ്ങൾ തീർക്കുന്ന മറയ്ക്കപ്പുറം അത്ര വ്യക്തമല്ലാത്ത മൂന്നാറിന്റെ തേയിലതോട്ടങ്ങൾ കാണാം. കരടിപ്പാറയുടെ കാഴ്ച കണ്ടങ്ങനെ സഞ്ചാരികൾ പിന്നെയും മുമ്പോട്ട് പോകും. അകന്നിരുന്ന് അതിജീവിക്കേണ്ടുന്ന ഇക്കാല്ലത്ത് കരടിപ്പാറയും വിജനമാണ്. സന്ദർശകരില്ലാത്ത കരടിപ്പാറയുടെ ഇപ്പോഴത്തെ നിശബ്ദതയ്ക്ക് പോലും വല്ലാത്തൊരു വശ്യതയുണ്ട്.