ചിറക്കടവ്: ദിവസങ്ങളായി കാലിൽ വ്രണം മൂലം ദുരിതം ജീവിതം നയിച്ച ഏയ്ഞ്ചൽ എന്ന കുതിരയ്ക്ക് സംരക്ഷണമൊരുക്കി. റോഡ് നിർമ്മാണത്തിനെത്തിയ തൊഴിലാളികൾ സംരക്ഷിച്ചിരുന്ന കുതിര രോഗങ്ങൾ മൂലം അവശനിലയിലായിരുന്നു. ചികിത്സ ലഭ്യമാക്കാത്തതിനാൽ കാലിലെ വ്രണം പൊട്ടിയൊലിച്ച് കാൽ നിലത്തുകുത്താനാവാതെ ദുരിതമനുഭവിക്കുകയായിരുന്നു. ജില്ലാ വെറ്ററിനറി വിഭാഗം പ്രാഥമിക ചികിത്സ നൽകിയ കുതിരയ്ക്ക് വർക്കലയിലെ ടീം ശിവമംഗലം എന്ന മൃഗസ്‌നേഹികളുടെ കൂട്ടായ്മ താത്ക്കാലിക സംരക്ഷണമൊരുക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.തങ്കച്ചന്റെ നിർദേശപ്രകാരം സീനിയർ വെറ്ററിനറി സർജൻ ഡോ.ബിനു ഗോപിനാഥ് സ്ഥലത്തെത്തി കുതിരയ്ക്ക് ചികിത്സ നൽകി.
പുനലൂർ-പൊൻകുന്നം ഹൈവേ നിർമ്മാണത്തിനെത്തിയ തൊഴിലാളികളുടെ സംരക്ഷണയിലായിരുന്നു ചെറുവള്ളി കറുത്തമഞ്ഞാടിയിൽ കുതിര. റേസിംഗ് കുതിരയായ ഇതിനെ ഇവർ ഓരോ പണി സൈറ്റിലും കൊണ്ടുപോകുക പതിവായിരുന്നു.
കറുത്തമഞ്ഞാടി നിവാസിയായ അജേഷ് ആറ്റുപുറം കുതിരയുടെ അവസ്ഥ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഡോ.ബിനു ഗോപിനാഥ് ഇന്നലെ ചെറുവള്ളിയിലെത്തി കുതിരയ്ക്ക് കുത്തിവെയ്പ് നൽകി. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ കൃഷ്ണചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി എന്നിവരുമുണ്ടായിരുന്നു.
വർക്കലയിൽ നിന്നുള്ള ടീം ശിവമംഗലം എന്ന മൃഗസ്‌നേഹികളുടെ സംഘം കുതിരയെ ഓച്ചിറയിലേക്ക് കൊണ്ടുപോയി. ഒന്നരമാസം നരിക്കൽമുക്കിൽ അവരുടെ കുതിര പരിശീലനകേന്ദ്രത്തിൽ ചികിത്സ നൽകും. കുതിരയുടെ ഉടമ സനൽ റോബർട്ട് അതിനുള്ള പണം നൽകും.
ചിത്രംഏയ്ഞ്ചൽ എന്ന കുതിരയ്ക്ക് ഡോ.ബിനു ഗോപിനാഥ് കുത്തിവെയ്‌പെടുക്കുന്നു.