കട്ടപ്പന: ഇന്നലെ നടത്താനിരുന്ന പി.എസ്.സി പരീക്ഷയുടെ തീയതി മാറ്റിയതറിയാതെ കട്ടപ്പനയിലെത്തിയ ഉദ്യോഗാർത്ഥികൾ വെട്ടിലായി. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലേക്കുള്ള ഡ്രൈവർ ജനറൽ വിഭാഗം എഴുത്ത് പരീക്ഷയാണ് ഇന്നലെ നടത്താനിരുന്നത്. ഇതുസംബന്ധിച്ച അറിയിപ്പും പുറപ്പെടുവിച്ചിരുന്നു. ഇതിന് ശേഷമാണ് ജൂലൈ അവസാനത്തേയ്ക്ക് പരീക്ഷ മാറ്റിവച്ചത്. വിവരമറിയാതെ കട്ടപ്പന ഗവ. ട്രൈബൽ സ്‌കൂളടക്കം മൂന്ന് കേന്ദ്രങ്ങളിൽ ഭൂരിഭാഗം ഉദ്യോഗാർത്ഥികളും ഇന്നലെ രാവിലെയോടെ എത്തി. എറണാകുളത്ത് നിന്നടക്കം നൂറുകണക്കിന് പേരാണ് കട്ടപ്പനയിലെ പരീക്ഷ കേന്ദ്രങ്ങളിലെത്തിയത്. അതേസമയം പരീക്ഷ മാറ്റിയത് മാദ്ധ്യമങ്ങൾ വഴി അറിയിച്ചിരുന്നെന്നാണ് അധികൃതരുടെ വിശദീകരണം. പി.എസ്.സിയുടെ വെബ്‌സൈറ്റിൽ ഇന്നലെ രാവിലെയാണ് തീയതി നീട്ടിയെതന്ന അറിയിപ്പ് വന്നതെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. ജോലി സ്ഥലങ്ങളിൽ നിന്നും അവധിയെടുത്ത് എറണാകുളം, തൊടുപുഴ, നെടുങ്കണ്ടം എന്നിവിടങ്ങളിൽ നിന്നുള്ളവരും എത്തിയിരുന്നു.