ഇടമറ്റം: മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാലയും സെക്രട്ടറി എം. സുശീലും മുന്നിട്ടിറങ്ങിയതോടെ പഞ്ചായത്തിലെ പാവപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും സ്മാർട്ട് ഫോണായി. മീനച്ചിൽ പഞ്ചായത്തിൽ പാവപ്പെട്ട കുടുംബങ്ങളിലെ 87 വിദ്യാർത്ഥികൾക്കാണ് പഠനത്തിനായി മൊബൈൽ ഫോൺ ഇല്ലാതിരുന്നത്. സർക്കാർ നിർദ്ദേശപ്രകാരം ഫോൺ ചലഞ്ച് ഏറ്റെടുക്കാൻ പ്രസിഡന്റ് ജോയിയും സെക്രട്ടറി സുശീലും ചേർന്ന് തീരുമാനമെടുത്തപ്പോൾ ഭരണ പ്രതിപക്ഷ ഭേദമെന്യേ മുഴുവൻ മെമ്പർമാരും ഒപ്പം നിന്നു.
പഞ്ചായത്തിനു കീഴിലെ 12 സ്‌കൂളുകളിലേയും പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, പൗരപ്രമുഖർ സഹകരണ സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം പഞ്ചായത്ത് പ്രസിഡന്റിന്റേതായ ഔദ്യോഗിക കത്തയച്ചാണ് ഇത്രയും പേരെ ഒരുമിച്ച് ഫോൺ ചലഞ്ച് പദ്ധതിയിലേക്ക് കൊണ്ടുവന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി എം. സുശീൽ പറഞ്ഞു. പാവപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും ഫോൺ എത്തിച്ചു കൊടുക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സെക്രട്ടറി പറഞ്ഞു. നിലവിൽ പാലാ മേഖലയിൽ ഏറ്റവും കൂടുതൽ ഫോണുകൾ കുട്ടികൾക്ക് എത്തിച്ചു നൽകിയത് മീനച്ചിൽ ഗ്രാമപഞ്ചായത്താണ്. ഫോൺ ചലഞ്ച് 100 ശതമാനവും വിജയമാക്കിയതിന് ജില്ലാ വിദ്യാഭ്യാസ അധികാരികൾ മീനച്ചിൽ പഞ്ചായത്ത് അധികൃതരെ അഭിനന്ദിച്ചു.