road
കല്യാണത്തണ്ട് റോഡിലെ ഗര്‍ത്തങ്ങള്‍.

കട്ടപ്പന: വലിയ കുഴികൾ രൂപപ്പെട്ട കല്യാണത്തണ്ട് സുവർണഗിരി റോഡിന്റെ അറ്റകുറ്റപ്പണി വൈകുന്നു. കല്യാണത്തണ്ട് വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിന്റെ കുത്തനെയുള്ള കയറ്റത്താണ് ടാറിംഗ് തകർന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. നഗരസഭാദ്ധ്യക്ഷയുടെ വാർഡിന്റെ അതിർത്തിയിലൂടെ കടന്നുപോകുന്ന പാതയാണിത്. കല്യാണത്തണ്ടിനെയും നിർമലാസിറ്റിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് വിവിധ വാർഡുകളുടെ അതിർത്തികളിലൂടെയാണ് കടന്നുപോകുന്നത്. ചെങ്കുത്തായ കയറ്റത്തിൽ രൂപപ്പെട്ടിരിക്കുന്ന വൻ ഗർത്തങ്ങൾ രണ്ട് വാർഡുകളുടെ അതിർത്തിയിലായതിനാൽ കൗൺസിലർമാർ ഇടപെടുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മഴ ശക്തമായതോടെയാണ് മെറ്റലുകൾ ഇളകി ഗർത്തങ്ങൾ വലുതായത്. ഇരുചക്ര വാഹനങ്ങളടക്കം ഇവിടെ അപകടത്തിൽപെടുന്നതും പതിവാണ്. കല്യാണത്തണ്ടിലെത്തുന്ന സന്ദർശകരുടെ വാഹനങ്ങളാണ് ഏറെയും. റോഡിന്റെ ശോച്യാവസ്ഥ നഗരസഭയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയില്ല. കുഴികൾ അടയ്ക്കാൻ തയ്യാറായില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.