പാലാ: ജില്ലയുടെ കിഴക്കൻ മേഖലകളിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തന മുന്നൊരുക്കവുമായി അധികൃതർ. നിലവിൽ മീനച്ചിലാറിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നിട്ടില്ല. എന്നാൽ മഴ തുടർന്നാൽ കാര്യങ്ങൾ മാറി മറിഞ്ഞേക്കാം. ഒപ്പം ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. എന്തിനേയും നേരിടാൻ മീനച്ചിൽ തഹസീൽദാർ എസ്. ശ്രീജിത്തിത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിച്ചു കൊണ്ടുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. മീനച്ചിലാറും സമീപ തോടുകളും കരകവിഞ്ഞാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 17 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനാണ് തീരുമാനം. ഇതോടൊപ്പം ഇവരിൽ കൊവിഡ് രോഗികളുണ്ടെങ്കിൽ ചികിത്സയൊരുക്കാൻ വിവിധ കൊവിഡ് ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളും തയാറാക്കിയിട്ടുണ്ട്. പൊലീസ്,ഫയർഫോഴ്‌സ്, ആരോഗ്യവകുപ്പ്, വില്ലേജ് ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സർക്കാർ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികളും ചേർന്നുള്ള കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓരോ പ്രദേശത്തേയും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. ഇന്നലെ പകൽ അൽപ്പം ശമിച്ച മഴ രാത്രിയോടെ വീണ്ടും ശക്തി പ്രാപിച്ചിട്ടുണ്ട്. ഇന്നലെ മീനച്ചിൽ താലൂക്കിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മീനച്ചിൽ തഹസീൽദാർ അറിയിച്ചു.
കൺട്രോൾ റൂമും
മഴക്കെടുതികൾ ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിനായി വിളിക്കാമെന്ന് തഹസീൽദാർ ശ്രീജിത്ത് പറഞ്ഞു. മഴക്കെടുതികളെക്കുറിച്ചുള്ള വിവരങ്ങൾ എപ്പോൾ വേണമെങ്കിലും ജനങ്ങൾക്ക് നേരിട്ടറിയിക്കാം. സഹായത്തിനായി 9447161232 എന്ന തന്റെ നമ്പറിലേക്ക് വിളിക്കാമെന്ന് തഹസീൽദാർ അറിയിച്ചു. മീനച്ചിൽ താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. നമ്പർ: 04822212325