kser

കോട്ടയം : പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായി കിടക്കുന്ന പരിസരം, ചോർന്നൊലിക്കുന്ന മേൽക്കൂര, റോഡിലൂടെ നിരന്ന് ഒഴുകുന്ന മലിനജലം ...കോട്ടയം കെ.എസ്.ആർ,ടി.സി സ്റ്റാൻഡ് യാത്രക്കാർ‌ക്കും, ജീവനക്കാർക്കും സമ്മാനിക്കുന്നത് തീരാദുരിതമാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ദുരിതമല്ല. വർഷങ്ങളായി. മാറിമാറി വന്ന സർക്കാരുകൾ ഒന്ന് ഉത്സാഹിച്ചിരുന്നെങ്കിൽ ഈ കോലത്തിൽ നിന്ന് സ്റ്റാൻഡിനെ മോചിപ്പിക്കാമായിരുന്നു. പക്ഷെ പരസ്പരം വിഴുപ്പലക്കലുമായി രാഷ്ട്രീയഗോദയിൽ തിളങ്ങാനാണ് നേതാക്കൾക്ക് താത്പര്യം. ഓരോ ദിവസം ചെല്ലുന്തോറും സ്റ്റാൻഡിന്റെ ശോച്യാവസ്ഥ കൂടുതൽ രൂക്ഷമാകുകയാണ്. കനത്തമഴയിൽ കെട്ടിടങ്ങളിലൂടെ വെള്ളം അരിച്ചിറങ്ങുന്നത് മൂലം ഷോക്കേൽക്കുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ. വർക്ക്‌ഷോപ്പിലും വെള്ളം കയറുന്ന അവസ്ഥയാണ്. റാമ്പിൽ മുട്ടറ്റം വെള്ളം കെട്ടിക്കിടക്കും, ഇലക്ട്രിക്കൽ മുറിയിൽ നിന്നാണ് വെള്ളത്തിന്റെ ഉറവ വരുന്നത്.
പണിചെയ്യാൻ ഇറങ്ങിയാൽ ഷോക്കടിക്കും. ഇതുമൂലം ബസിന്റെ ഇലക്ട്രിക്കൽ ജോലികൾ ചെയ്യാനാകുന്നില്ല.

മണ്ണ് കടത്തിയതിലും അഴിമതി

വികസനത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ മണ്ണാണ്‌ ഇവിടെ നിന്ന് കടത്തിയത്‌. വൻ അഴിമതി ഇതിനുപിന്നിലുണ്ടെന്ന്‌ ജീവനക്കാർ തന്നെ ആരോപിച്ചിരുന്നു. സംസ്ഥാനത്തെതന്നെ ഏറ്റവും തിരക്കുള്ള സ്റ്റാൻഡുകളിലൊന്നാണ് കോട്ടയം. നൂറുകണക്കിന് ബസുകളാണ് പ്രതിദിനം ഇവിടെയത്തെുന്നത്. എം.സി റോഡിലെ യാത്രക്കാർക്ക് പുറമെ കുമളി, പാലാ, തൊടുപുഴ, എറണാകുളം തുടങ്ങി നിരവധി സ്ഥലങ്ങളിലേക്കുള്ളവരും എത്തുന്നു.

സ്റ്റാൻഡിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കണം. പരസ്പരം പഴി ചാരാതെ സാധാരണക്കാർക്കും യാത്രക്കാർക്കും നീതി ലഭിക്കുന്നതിനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കേണ്ടത്.

കെ.എസ്.ആർ.ടി.സി ജീവനക്കാരൻ