കോട്ടയം : കാടിറങ്ങിയെത്തി നാട്ടുകാരെ പൊറുതിമുട്ടിച്ച കുറുക്കൻ ഒടുവിൽ കമ്പിവേലിയിൽ കുടുങ്ങി. പാമ്പാടി പങ്ങട പള്ളിക്കാട്ട് പടിയിലെ റബർ തോട്ടത്തിലെ കമ്പിവേലിയിലാണ് കുറുക്കൻ കുടുങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കുറുക്കന്റെ ശല്യമുണ്ടായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെയാണ് നാട്ടുകാർ കുറുക്കനെ കണ്ടെത്തിയത്. തുടർന്ന് വിവരം എരുമേലി പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കുറുക്കനെ കമ്പിവേലിയിൽ നിന്ന് പുറത്ത് എടുത്തു. കമ്പിവേലിയുടെ ഒരു ഭാഗം വയറ്റിൽ തറഞ്ഞിരിക്കുകയായിരുന്നു. അബോധാവസ്ഥയിലായ കുറുക്കനെ കോടിമത മൃഗാശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. തുടർന്ന് പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിലെ ഷെൽട്ടർ ഹോമിലേയ്‌ക്ക് മാറ്റി.