വൈക്കം: ഓണത്തിനൊരു മുറം പച്ചക്കറിയ്ക്കായി കൃഷിഭവനും വൈക്കം നഗരസഭയും കൈകോർക്കുന്നു. പദ്ധതിയുടെ ഭാഗമായി തരിശുനിലങ്ങളിൽ കൃഷിയിറക്കാനാണ് തീരുമാനം. നഗരസഭ പരിധിയിൽ കുറഞ്ഞ് അഞ്ചര ഹെക്ടറിലെങ്കിലും പച്ചക്കറിയടക്കമുള്ള കൃഷി നടത്തുന്നതിനാണ് അധികൃതർ പദ്ധതി തയാറാക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ തരിശുനിലങ്ങളിൽ കൃഷിയിറക്കാൻ 18 കർഷകരാണ് മുന്നോട്ടുവന്നത്. തരിശുനിലങ്ങൾ തിട്ടപ്പെടുത്തി ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കുമ്പോൾ കൂടുതൽ കർഷകർ തരിശുനില കൃഷിയുടെ ഭാഗമാകുമെന്ന് നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, വൈസ് ചെയർമാൻ പി.ടി സുഭാഷ് എന്നിവർ പറഞ്ഞു.വൈക്കം തോട്ടുവക്കത്ത് കെ.വി കനാലോരത്ത് ശ്രീമൂലനഗരം മാർക്കറ്റിനു സമീപത്തെ ഒന്നര ഏക്കർ തരിശു പുരയിടത്തിൽ ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയ്ക്കായി പച്ചക്കറിതൈ നട്ട് നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് കൃഷിക്ക് തുടക്കം കുറിച്ചു. വൈക്കം നഗരസഭാ പരിധിയിലും വെച്ചൂരും പഴം,പച്ചക്കറി കൃഷിയിൽ സജീവമായ ഇടയാഴം വലിയമംഗലത്ത് ജോയിയാണ് കുറ്റിച്ചെടികളും പടർപ്പും പുല്ലും വളർന്നു തിങ്ങിയ പുരയിടം ദിവസങ്ങളോളം നീണ്ട പ്രയത്‌നത്താൽ ശുചീകരിച്ചു കൃഷിയോഗ്യമാക്കിയത്.തക്കാളി, പയർ, വഴുതന, വെണ്ട, വെള്ളരി, വാഴ തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. കൗൺസിലർമാരായ സിന്ധു സജീവൻ, മോഹനകുമാരി, കൃഷി ഓഫിസർ ഷീലാറാണി, കൃഷി അസിസ്റ്റന്റ് മെയ് സൺമുരളി, കർഷകൻ ജോയി വലിയ മംഗലത്ത് തുടങ്ങിയവർ പങ്കെടുത്തു.