mulakaramedu

കട്ടപ്പന: കാലവർഷം വീണ്ടും കനക്കുമ്പോൾ മുളകരമേട്ടിൽ വീണ്ടും ആശങ്കയുടെ നാളുകൾ. 2019 ആഗസ്റ്റിലെ രണ്ടാം പ്രളയത്തിൽ മൂന്ന് മണിക്കൂറിനിടെ തുടർച്ചയായി 5 ഉരുൾപൊട്ടലുകളാണ് കല്യാണത്തണ്ടിലെ മലഞ്ചെരുവിലുണ്ടായത്. ഉരുൾപൊട്ടി കൂറ്റൻ പാറകളും മരങ്ങളും പാഞ്ഞെത്തിപ്പോൾ മുളകരമേട്ടിലെ 50ൽപ്പരം കുടുംബങ്ങൾ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. 5 വീടുകളാണ് ഉരുൾപൊട്ടലിൽ തകർന്നത്. മൂന്നരയേക്കർ സ്ഥലവും ഉരുൾപൊട്ടി ഒലിച്ചുപോയി. 20പ്പരം കുടുംബങ്ങളെ മാറ്റി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പാർപ്പിച്ചിരുന്നു. സർക്കാർ അനുവദിച്ച പ്രളയ ദുരിതാശ്വാസത്തിനായി ദുരന്തബാധിതർ ഇപ്പോഴും സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. വീടുകൾ നഷ്ടപ്പെട്ട 5 കുടുംബങ്ങളും ഇപ്പോഴും വാടക വീടുകളിലാണ് കഴിയുന്നത്.

ദുരന്ത ദിനം: 3 മണിക്കൂറിൽ 5 ഉരുൾപൊട്ടലുകൾ

2019 ആഗസ്റ്റ് 8നാണ് മുളകരമേടിനെ മുൾമുനയിൽ നിർത്തിയ കാലവർഷക്കെടുതിയുണ്ടായത്. 3 മണിക്കൂറിനിടെ ഉരുൾപൊട്ടിയത് അഞ്ചുതവണ. ഒന്നിനുപിറകെ ഒന്നൊന്നായി പാഞ്ഞെത്തിയ പാറക്കല്ലുകളും മരങ്ങളും മൺതിട്ടയിൽ ഇടിച്ചുനിന്നതോടെ മഹാദുരന്തമാണ് വഴിമാറിയത്. ദുരന്തമുണ്ടാകുന്നതിന് മുമ്പ് പ്രകൃതി തന്നെ നൽകിയ ചില മുന്നറിയിപ്പുകൾ ആളുകൾ തിരിച്ചറിഞ്ഞതും രക്ഷയായി. രാവിലെ 11 ഓടെ ചേലക്കാട്ട് ജിജി ജോസഫിന്റെ വീടിന്റെ പിൻവശത്ത് മണ്ണിടിഞ്ഞ് ചെളിവെള്ളവും മണ്ണും വീടിനുള്ളിൽ നിറഞ്ഞിരുന്നു. ഉടൻതന്നെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റി. പിന്നീട് മണ്ണും ചെളിയും നീക്കുന്നതിനിടെയാണ് പിൻവശത്തെ മൺതിട്ടയിൽ നിന്നു എണ്ണമയം കലർന്നത് പോലെയുള്ള ചെളിവെള്ളം പുറത്തേയ്ക്ക് ചീറ്റിവരുന്നത് ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ഉരുൾപൊട്ടി കല്ലും മണ്ണും പാഞ്ഞെത്തി. വീടിന്റെ പിൻവശത്തെ തിട്ടയിൽ തട്ടി മലവെള്ളം താഴേയ്ക്ക് ഒലിച്ചുപോകുകയായിരുന്നു. കിഴക്കേ ആലുങ്കൽ മുകേഷ്, കണിയാംപറമ്പിൽ മേരി എന്നിവരുടെ വീടുകളും പൂർണമായി തകർന്നു. ഈ വീടുകളിലുണ്ടായിരുന്നവർ മറ്റൊരിടത്തേയ്ക്ക് മാറിയിരുന്നു. പിന്നീട് മലഞ്ചെരുവിൽ നിന്നുതന്നെ തുടർച്ചയായി 4 തവണയും ഉരുൾപൊട്ടി. ചെളിയും കല്ലും സമീപത്തെ വീടുകളുടെ പരിസരത്തും നിറഞ്ഞു. അര കരിലോമീറ്ററോളം മണ്ണും കല്ലും ഒലിച്ചെത്തി നിർമലാസിറ്റി കല്യാണത്തണ്ട് റോഡിൽ വലിയ മൺകൂന രൂപപ്പെട്ടു. ഒരാഴ്ച നീണ്ട പരിശ്രമത്തിനൊടുവിലാണ് റോഡിൽ ഗതാഗതം പുനസ്ഥാപിച്ചത്.


സഹായത്തിനായി കയറിയിറക്കം

ദുരന്തബാധിത പ്രദേശം വാസയോഗ്യമല്ലെന്ന് റവന്യു വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് വീടും സ്ഥലവും നഷ്ടപ്പെട്ട 5 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം പ്രളയ ദുരിതാശ്വാസമായി അനുവദിച്ചു. എന്നാൽ പലർക്കും 4 ലക്ഷം രൂപ വരെ മാത്രമേ 2 വർഷമായിട്ടും ലഭിച്ചിട്ടുള്ളൂ. മുഴുവൻ കുടുംബങ്ങളും ഇപ്പോഴും വാടക വീടുകളിലാണ് കഴിയുന്നത്. പശു വളർത്തൽ ഉപജീവനമാക്കിയ ചേലക്കാട്ട് ജിജി ജോസഫിന് നഗരസഭയിൽ നിന്ന് തൊഴുത്ത് അനുവദിച്ചിരുന്നു. ഉരുൾപൊട്ടലിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന രേഖകളെല്ലാം നഷ്ടപ്പെട്ടതിനാൽ കരമടച്ച രസീത് കൊടുക്കാൻ കഴിയാതെ വന്നതോടെ ആനുകൂല്യവും നഷ്ടമായി.