മുണ്ടക്കയം: കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ചോലത്തടം -കൂട്ടിക്കൽ -കൊക്കയാർ റോഡിന്റെ ആദ്യഘട്ട നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ:മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.
പൂഞ്ഞാർ എരുമേലി റോഡിൽ ചോലത്തടത്ത് നിന്നും ആരംഭിച്ച് കൊക്കയാർ വഴി ഇടുക്കി ജില്ലയിലെ 35 ആം മൈലിൽ അവസാനിക്കുന്ന റോഡാണിത്. കോട്ടയം ജില്ലയുടെ ഭാഗമായ ചോലത്തടം കുട്ടിക്കൽ റോഡ് നിർമ്മാണമാണ് ആദ്യഘട്ടം. റോഡിന്റെ നിർമ്മാണത്തിന് 2020-21 ബഡ്ജറ്റിൽ 10 കോടി രൂപയാണ് അനുവദിച്ചത്.
രണ്ടാംഘട്ടമായി കൂട്ടിക്കലിൽ നിന്നും ആരംഭിച്ച് ഇടുക്കി 35 ാം മൈൽ വരെയുള്ള നിർമ്മാണമാണ് നടക്കുക. ഇതിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിർമ്മാണം പൂർത്തിയാകുന്നതോടെ മുണ്ടക്കയം ടൗണിൽ പ്രവേശിക്കാതെ ഇടുക്കിയിലേക്ക് പോകാനുള്ള റോഡായി ഇത് മാറും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , പൂഞ്ഞാർ തെക്കേകര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു, ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം അഞ്ജലി ജേക്കബ്, കൂട്ടിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.സി ജോസ്, റെജി ഷാജി, കെ.എസ് മോഹനൻ, ജേക്കബ് ചാക്കോ, രജനി സുധീർ , എം.വി ഹരിഹരൻ ,പി.കെ സണ്ണി, കെ.എൻ വിനോദ്, പി.സി സൈമൺ, ജി യാഷ് കരീം, കൊപ്പി ഹസൻ , എം.പി ജയചന്ദ്രൻ, എലിസ തുടങ്ങിയവർ പങ്കെടുത്തു.