വൈക്കം: ടി വി പുരം പഞ്ചായത്തിന്റെ അനാസ്ഥമൂലം വൈക്കം നഗരസഭ പതിനാലാം വാർഡായ തുരുത്തിക്കരയിലെ 22ഓളം വീടുകൾ വെള്ളത്തിലായതായി പരാതി.
ടി വി പുരം പഞ്ചായത്തിനേയും വൈക്കം നഗരസഭയേയും വേർതിരിക്കുന്ന നാട്ടുതോട് മാലിന്യങ്ങളും ജലസസ്യങ്ങളും നിറഞ്ഞ് നീരൊഴുക്കു നിലച്ചതിനെ തുടർന്ന് പെയ്ത്ത് വെള്ളം ഒഴുകി പോകാൻ മാർഗമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമായത്. തുരുത്തിക്കര ,പൈനുങ്കൽ ,കൊട്ടാരപ്പള്ളി എന്നിവിടങ്ങളിലൂടെ ഒഴുകി കരിയാറിൽ ചേരുന്ന തോടിന്റെ പല ഭാഗങ്ങളിലും കാട്ടുചേമ്പ് വളർന്നു നിൽക്കുകയാണ്. പ്ലാസ്റ്റിക്ക് കുപ്പികളടക്കമുള്ള മാലിന്യങ്ങളും പുല്ലുമൊക്കെ തിങ്ങിയതോടെ നീരൊഴുക്കുനിലച്ചു. മഴക്കാലത്തിനു മുമ്പ് തോട് ശുചീകരിക്കണമെന്ന് കളക്ടർ പഞ്ചായത്ത് അധികൃതരോട് നിർദ്ദേശിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാലിന്യങ്ങൾ നീക്കി തോടിന്റെ ആഴം വർദ്ധിപ്പിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ സലാം റാവുത്തർ ആവശ്യപ്പെട്ടു.