കുമരകം:കുമരകത്ത് വീണ്ടും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നു. നിലവിൽ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് 16.08 ശതമാനമാണ് കുമരകത്തെ ഈ ആഴ്ചയിലെ നിരക്ക്. പോസിറ്റിവിറ്റീ നിരക്കിൽ ജില്ലയിൽ കുമരകം ആറാം സ്ഥാനത്താണ്. ഇതോടെ നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങുകയാണ് പൊലീസും പ്രാദേശിക ഭരണകൂടവും. കുമരകത്തെ എല്ലാ വാർഡുകളിലും പൊലീസ് പരിശോധന ശക്തമാക്കും. നിലവിൽ കുമരകത്ത് ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ഇതിനു പുറമെ വാർഡുകളിലേക്കുള്ള പ്രവേശനകവാടങ്ങൾ പൊലീസ് നിയന്ത്രണത്തിലാക്കും.ഒന്നിലധികം പ്രവേശനപാതകൾ ഒരു വാർഡിലേക്ക് ഉണ്ടെങ്കിൽ അത് താത്ക്കാലിക സംവിധാനം ഉപയോഗിച്ച് അടച്ചുകൊണ്ട് ഏതെങ്കിലും ഒരു പ്രവേശന കവാടം മാത്രം തുറക്കും.ഇതിനോടകം തന്നെ ഇതിനായുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. പഞ്ചായത്തിലെ പകുതിയിലേറെ വാർഡിലുകളിലേയും റോഡുകൾ ഇന്നലെ പൊലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ അടച്ചു. മറ്റ് വാർഡുകളിലെ റോഡുകൾ അടയ്ക്കുന്ന നടപടി ഇന്നും തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു .കൊവിഡ് വ്യാപനം രൂക്ഷമായ പൊങ്ങലകരയിലേക്കുള്ള റോഡാണ് ഇന്നലെ ആദ്യം അടച്ചത്.