lilly

കോട്ടയം: ജില്ലയിൽ 14 കേന്ദ്രങ്ങൾ വിനോദ സഞ്ചാര ഭൂപടത്തിലേക്ക്. ഉഴവൂർ പഞ്ചായത്തിലെ ആനക്കല്ലുമല, തിരുവാ‌ർപ്പ് പഞ്ചായത്തിലെ പഴുക്കാനിലം കായൽ, മലരിക്കൽ, വെട്ടിക്കാട്, ചെമ്പ് പഞ്ചായത്തിലെ മുറിഞ്ഞപുഴ, മറവൻതുരുത്ത് പഞ്ചായത്തിലെ ആറ്റുവേല കടവ്, ഇത്തിപ്പുഴ തുരുത്തമ്മ, ചെമ്മനാകരി ദ്വീപ്, തലയോലപ്പറമ്പ് പഞ്ചായത്തിലെ വടയാർ ഇളങ്കാവ് , വെച്ചൂർ പഞ്ചായത്തിലെ വെച്ചൂർ, കല്ലറ പഞ്ചായത്തിലെ കല്ലറ, ആർപ്പൂക്കര പഞ്ചായത്തിലെ മണിയാപറമ്പ്, അയ്മനം പഞ്ചായത്തിലെ അയ്മനം എന്നിങ്ങനെ 14 സ്ഥലങ്ങളാണ് ആദ്യഘട്ട ലിസ്റ്രിൽ ഇടം പിടിച്ചിരിക്കുന്നത്. അടുത്ത മാസം എത്തുന്ന മന്ത്രി മുഹമ്മദ് റിസാസ് പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ ജില്ലയിലെ വിനോദ സഞ്ചാര വികസന കാര്യങ്ങൾ ജനപ്രതിനിധികളുമായി ചർച്ച നടത്തും.

മണർകാട് പഞ്ചായത്തിലെ നാലുമണിക്കാറ്റ്, കരൂർ പഞ്ചായത്തിലെ സെന്റ് തോമസ് മൗണ്ട്, കിടങ്ങൂർ പഞ്ചായത്തിലെ കാവാലിക്കടവ്, അയ്മനം പഞ്ചായത്തിലെ കരീമഠം, തീക്കോയി പഞ്ചായത്തിലെ വഴിക്കടവ്, തലനാട്, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങൾ, കടനാട് പഞ്ചായത്തിലെ ബംഗ്ലാംകുന്ന്, മണിമല പഞ്ചായത്തിലെ ആലപ്ര, വെള്ളാവൂർ പഞ്ചായത്തിലെ വെള്ളാവൂർ തുരുത്ത് തുടങ്ങിയ പ്രദേശങ്ങൾ രണ്ടാംഘട്ടത്തിൽ പ്രാദേശിക ടൂറിസം ഡെസ്റ്റനേഷൻ കേന്ദ്രങ്ങളാവും.

ഓരോ പഞ്ചായത്തിലും ഓരോ ഡെസ്‌റ്റിനേഷൻ എന്ന വിനോദ സഞ്ചാരവകുപ്പിന്റെ പദ്ധതിയിലാണ് ഈ സ്ഥലങ്ങൾ വിനോദ സഞ്ചായര കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളത്.

ജില്ലാ വിനോദ സഞ്ചാര വകുപ്പ് സമർപ്പിച്ച ആദ്യഘട്ട ലിസ്റ്റിലാണ് 14 ഗ്രാമീണ സഞ്ചാര കേന്ദ്രങ്ങൾ ഇടം നേടിയത്. പ്രകൃതി സൗന്ദര്യം നിറഞ്ഞതും എന്നാൽ, സഞ്ചാരികളിൽ നിന്ന് ഇപ്പോഴും അകന്നുനിൽക്കുന്നതുമായ പ്രദേശങ്ങളാണ് ഇവയിലേറെയും. വിവിധ സ്ഥലങ്ങളിലെ പ്രത്യേകതകളും പ്രകൃതി സൗന്ദര്യവും സാംസ്കാരവും ഉൾക്കൊണ്ടാണ് സ്ഥലങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ വ്യക്തമാക്കി. പ്രകൃതി ഭംഗിയിലും സംസ്കാരത്തനിമയിലും വൈവിധ്യങ്ങളുടെ നിറഞ്ഞ കാഴ്ചകൾ ജില്ലയുടെ പ്രാദേശിക തലങ്ങളിലുണ്ട്.

പ്രാദേശികമായ ടൂറിസം വളർച്ച അനിവാര്യമാണെന്നു കണ്ടും സാധാരണക്കാർ കൂടി ഗുണഭോക്താക്കളാവുന്ന വിനോദസഞ്ചാര വികസനം ലക്ഷ്യമിടുന്നതിനുമായിട്ടാണ് വകുപ്പ് ഓരോ പഞ്ചായത്തിലും ഓരോ ഡെസ്റ്റിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഓരോ പ്രദേശങ്ങളിലെയും പ്രത്യകതകൾ മനസിലാക്കി തദ്ദേശസ്ഥാപനങ്ങൾ സ്ഥലങ്ങൾ കണ്ടെത്താനാണ് വിനോദസഞ്ചാര വകുപ്പ് നിർദേശിച്ചിരുന്നത്.