അടിമാലി: എട്ടുസെന്റ് സ്ഥലത്തെ നെൽകൃഷിയുടെ വിജയത്തിന്റെ ആവേശം ഉൾക്കൊണ്ട് അർജുൻ വീണ്ടും നെൽപ്പാടത്തേക്കിറങ്ങി. ഇത്തവണ ഒന്നരയേക്കർ സ്ഥലമാണ് നെൽകൃഷിക്കായി ഒരുക്കിയത്.അർജുനന്റെ കൃഷിക്ക് പ്രോൽസാഹനവുമായി നാട്ടുകാർ കൂടി എത്തിയപ്പോൾ ഞാറുനടങ്ങൽ തന്നെ ഒരു ഉത്സവമായി മാറി. ഓൺലൈൻ പഠന ഇടവേളയിൽ പാടത്ത് കൃഷിക്കിറങ്ങിയത് അടിമാലി പൂഞ്ഞാർ കണ്ടം കന്നേൽ ബാബു ബിന്ദു ദമ്പതികളുടെ മകനും പതിനൊന്നാം ക്ലാസുകാരനുമായ അർജ്ജുൻ ബാബുവാണ് ..ഇരുന്നൂറേക്കർ മില്ലുംപടിയിലാണ് അർജ്ജുന്റെ നെൽകൃഷി.കൃഷിക്ക് മാതാപിതാക്കളുടെയും കൃഷിവകുപ്പിന്റെയും സ്‌കൂൾ അധികൃതരുടെയുമൊക്കെ പ്രോത്സാഹനമുണ്ട്.പാട്ടത്തിനെടുത്ത ഒന്നരയേക്കറോളം നെൽപാടം ട്രാക്ടർ ഉപയോഗിച്ച് ഉഴുത് മറിച്ച് കൃഷിയോഗ്യമാക്കി.120 ദിവസം കൊണ്ട് വിളവെടുക്കുന്ന പൊൻമണി വിത്ത് പാകി ഒരുക്കിയ ഞാറ് നട്ടു.ഏഴാം ക്ലാസിൽ പഠിക്കമ്പോൾ ആരംഭിച്ച ഗ്രോബാഗ് കൃഷിയിൽ നിന്നുള്ള പ്രചോദനമാണ് നെൽകൃഷി വരെയെത്തിച്ചതെന്ന് അർജ്ജുൻ പറഞ്ഞു.9 കണ്ടങ്ങളിലായാണ് ഞാറ് നട്ടിട്ടുള്ളത്.സിപിഐ അടിമാലി മണ്ഡലം സെക്രട്ടറി വിനു സ്‌കറിയ ഞാറുനടീൽ ഉദ്ഘാടനം ചെയ്തു.എട്ട് സെന്റ് വരുന്ന പുരയിടത്തിൽ നെൽകൃഷി വിജയിപ്പിച്ച കാർഷികാനുഭവംമുതൽക്കൂട്ടായുണ്ട്.ഓൺലൈൻ പഠന കാലത്തെ ഒഴിവ് സമയം ഈ കുട്ടികർഷകൻ കാർഷിക ജോലികൾക്കായി വിനിയോഗിക്കുന്നു.ഞാറ് നടീൽ ചടങ്ങിൽ അടിമാലി കൃഷി അസിസ്റ്റന്റ് വിനോദ്, പി കെ സജീവ്, എൻ എ ബേബി, ചെറുകന്നേൽ ഗോപി, മില്ലുംപടി റസിഡൻസ് അസോസ്സിയേഷൻ പ്രസിഡന്റ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.