അടിമാലി: ജില്ലയിൽ കൂടുതൽ മണ്ണ് പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.നിലവിൽ ജില്ലയുടെ ചില ഭാഗങ്ങളിൽ മണ്ണ് പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കൂടുതൽ കേന്ദ്രങ്ങൾ തുറന്നാൽ കർഷകർക്കത് പ്രയോജനം ചെയ്യുമെന്നാണ് വാദം.മണ്ണ് പരിശോധന നടത്തി ഫലത്തിനനുസൃതമായി മണ്ണിൽ വളം ചെയ്ത് കൃഷിയിറക്കിയാൽ ജില്ലയുടെ കാർഷികമേഖലക്കത് കരുത്താകുമെന്ന വാദവും കർഷകർ മുമ്പോട്ട് വയ്ക്കുന്നു.മണ്ണ് പരിശോധ നടത്തി ഫലത്തിനനുസൃതമായി വളം ചെയ്ത് കൃഷിയിറക്കുന്ന ചെറിയൊരു വിഭാഗം കർഷകർമാത്രമെ നിലവിൽ ഹൈറേഞ്ചിൽ ഒള്ളു.ഇപ്പോഴുള്ള മണ്ണ് പരിശോധനാ കേന്ദ്രങ്ങളിലേക്ക് ഹൈറേഞ്ചിന്റെ പല ഭാഗങ്ങളിൽ നിന്നും കർഷകർക്കെത്തുവാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടുന്ന സാഹചര്യമുണ്ട്.ഹൈറേഞ്ചിൽ കുരുമുളകിനും കമുകിനും തെങ്ങിനുമൊക്കെ ഉണ്ടായിട്ടുള്ള രോഗബാധ കർഷകർക്ക് നിരാശ നൽകുന്നുണ്ട്.മണ്ണിന്റെ ഘടനയും ഗുണവുമൊക്കെ പരിശോധിച്ച് കൃഷിയിറക്കാൻ അവസരം ലഭിച്ചാൽ മെച്ചപ്പെട്ട വിളവ് ലഭിക്കാനുള്ള സാദ്ധ്യതയാണ് പരിശോധനാകേന്ദ്രങ്ങളുടെ അഭാവംമൂലം നഷ്ടമാകുന്നത്.