അയ്മനം : ലോക പരിസ്ഥിതിദിനത്തിൽ ശേഖരിച്ച മാലിന്യം പഞ്ചായത്ത് വനിത അംഗത്തിന്റെ വീട്ടുപടിക്കൽ തള്ളി പ്രതിഷേധം. പരിസ്ഥിതി ദിനത്തിൽ അയ്മനം പഞ്ചായത്തിലെ എല്ലാ വാർഡുകളിലെ പാെതു ഇടങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ചിരുന്നു. കല്ലുമട ഭാഗത്തു നിന്നും ശേഖരിച്ച മാലിന്യം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് സൂക്ഷിച്ചത്. എന്നാൽ സ്ഥലം ഉടമ മാലിന്യം റോഡരികിലേക്ക് മാറ്റി പുരയിടം വേലി കെട്ടി അടച്ചു . റോഡരികിൽ വെച്ചിരുന്ന മാലിന്യം അവിടെ നിന്നും നീക്കണമെന്ന് യുവജന സംഘടനാ നേതാക്കൾ പഞ്ചായത്ത് അംഗത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുലർച്ചെ പഞ്ചായത്ത് അംഗം കണികണ്ടത് വീടിന് മുന്നിലെ മാലിന്യമാണ്. സ്വന്തം മുന്നണിയിലെ പാർട്ടിയുടെ യുവജന പ്രസ്ഥാനത്തിനെതിരെ വനിത അംഗം പരാതി നൽകിയിട്ടില്ല. 14ാം വാർഡുൾപ്പെടെ എല്ലാ വാർഡുകളിലേയും മാലിന്യങ്ങൾ മാെത്തമായി നീക്കം ചെയ്യാൻ ക്രമീകരണം നടത്തിയിരുന്നതായി അയ്മനം പഞ്ചായത്ത് അധികൃതർ അറിയിച്ചു.