കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ. മാണി നേരിട്ട തോൽവി വീണ്ടും ചർച്ചയാകുന്നു.
ഇടതു വോട്ടുകൾ പൂർണ്ണമായി പെട്ടിയിൽ വീണിട്ടില്ലെന്ന് വിലയിരുത്തിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ,സംസ്ഥാന സമിതി യോഗങ്ങൾ വീണ്ടും പാർട്ടി തല അന്വേഷണത്തിന് തീരുമാനിച്ചതോടെയാണിത്.
പാലായിൽ ബി.ജെ.പി വോട്ടുകൾ മാണി സി കാപ്പന് മറിച്ചു കൊടുത്തെന്നായിരുന്നു സി.പി.എം ജില്ലാ കമ്മിറ്റിയുടെ ആദ്യ കണ്ടെത്തൽ .ജോസ് കെ മാണിയും ഇത് ശരി വച്ചിരുന്നു. ബി.ജെ.പിയെ പഴി ചാരിയുള്ള 'രക്ഷപെടൽ' അംഗീകരിക്കാതെയാണ് , വീണ്ടും വിശദമായ അന്വേഷണത്തിന് സംസ്ഥാന നേതൃത്വം ജില്ലാ
കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. .പാലായിൽ സി.പി.എം വോട്ട് ചോർന്നെന്ന വിലയിരുത്തൽ മന്ത്രി റോഷി അഗസ്റ്റിൻ സ്വാഗതം ചെയ്തു.ഇന്ന് ജോസ് കെ മാണി ഉദ്ഘാടനം ചെയ്യുന്ന കോട്ടയം ജില്ലാ കൺവെൻഷനിൽ പാലാ തോൽവി ചർച്ചയായേക്കും
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 24000 വോട്ടുകളാണ് പാലായിൽ ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അത് 10000 ആയി.കുറഞ്ഞു..തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ ഇടതു മുന്നണിക്ക് കഴിഞ്ഞില്ല. സി.പിഎമ്മും ജോസ് വിഭാഗവും ഭരിക്കുന്ന നഗരസഭയിലും പഞ്ചായത്തുകളിലും കാപ്പൻ ലീഡ് പിടിച്ചതാണ് വോട്ട് ചോർച്ചയ്ക്ക് വഴിയൊരുക്കിയത്.