കുമരകം:എട്ടാം വാർഡിലെ വലിയകുളം പ്രദേശത്തെ മുന്ന് സർക്കാർ സ്ഥാപനങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു.. സർക്കാർ സ്ഥാപനങ്ങളുടെ പരിസരത്തെ ശോചനീയാവസ്ഥ ചൂണ്ടികാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ പ്രശ്നം പരിഹര ശ്രമം നടത്തിയത്. വലിയകുളത്തിൽ വെള്ളം നിറയുമ്പോൾ കൂടുതലായി വരുന്ന വെള്ളം സമീപത്തുള്ള മൂലയിൽ ചിറ്റൂർ തോട്ടിലേക്ക് ഒഴുകി മാറേണ്ട വലിയ തൂമ്പ് കല്ലും മണ്ണും നിറഞ്ഞ് കാലങ്ങളായി അടഞ്ഞ് കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയിൽ വലിയകുളം നിറഞ്ഞ് കവിഞ്ഞ് സമീപ പ്രദേശങ്ങളാകെ വെള്ളത്തിലായ അവസ്ഥയായിരുന്നു. തുടർന്ന് വാർഡ് മെമ്പർ ഷീമാ രാജേഷിന്റെ നേതൃത്വത്തിൽ അടഞ്ഞുകിടന്നിരുന്ന തൂമ്പും ഓടയും വൃത്തിയാക്കി വെള്ളം ഒഴുകി മാറുന്നതിനുള്ള സാഹചര്യം ഒരുക്കി. ഇതോടെ വലിയകുളം പ്രദേശത്ത് കാലങ്ങളായി നിലനിന്നിരുന്ന വെള്ളകെട്ടിന് പരിഹാരമായി. രണ്ടു ദിവസത്തിനകം വലിയകുളം പ്രദേശത്തെ വെള്ളകെട്ട് പൂർണ്ണമായും മാറുമെന്ന് വാർഡ് മെമ്പർ പറഞ്ഞു.