കട്ടപ്പന: ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ഓർമകളിൽ ഇടുക്കി ഭദ്രാസനം. ഇന്നലെ പുലർച്ചെ കാലംചെയ്ത ബാവായ്ക്ക് ഇടുക്കിയിലെ ജനങ്ങളുമായും വിശ്വാസികളുമായും അടുത്ത ബന്ധമായിരുന്നു. ഇടുക്കി ഭദ്രാസനാധിപനായിരുന്ന ഔഗേൽ മാർ ദിവാന്നാസിയോസ് മെത്രാപ്പോലീത്തയുടെ വേർപാടിനെ തുടർന്ന് 2007 ജൂൺ 7 മുതൽ 2009 മാർച്ച് 2 വരെ ഭദ്രാസന അധിപനായി സേവനംഅനുഷ്ഠിച്ചു.. പിന്നീട് സഭയുടെ പരമാദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷവും സ്‌നേഹവും കരുതലും തുടർന്നതായി ഭദ്രാസന കമ്മിറ്റി ഓർമിക്കുന്നു. ഒരു പതിറ്റാണ്ടിനിടയിൽ ഭദ്രാസനത്തിലെ നിരവധി ദേവാലയങ്ങളുടെ കൂദാശ നിർവഹിച്ചു. നിർദ്ധനരുടെ ക്ഷേമത്തിന് എക്കാലവും പ്രയത്‌നിച്ച അദ്ദേഹമാണ് നെറ്റിത്തൊഴുവിലെ സെന്റ് ഗ്രിഗോറിയോസ് കരുണാഭവൻ ഉദ്ഘാടനം ചെയ്തത്. ഭദ്രാസനത്തിന്റെ സാമൂഹിക സേവന വിഭാഗമായ ഗ്രേസ് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പദ്ധതികൾക്ക് എക്കാലവും പിന്തുണ നൽകി. പീരുമേട് മാർ ബസേലിയോസ് എൻജിനീയറിംഗ് കോളജിനെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തി. ചേറ്റുകുഴി എം.ജി.എം സീനിയർ സെക്കൻഡറി സ്‌കൂൾ, ചക്കുപള്ളം ശാലോം ഭവൻ എന്നിവയുടെ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
കതോലിക്ക ബാവയുടെ ദേഹവിയോഗത്തിൽ ഇടുക്കി ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ് അനശോചിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. കെ.ടി. ജേക്കബ് കോർ എപ്പിസ്‌കോപ്പ, സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വൈദിക സംഘം സെക്രട്ടറി റവ. എ.വി. കുര്യൻ കോർ എപ്പിസ്‌കോപ്പ, ഗത്സിമോൻ അരമന മാനേജർ ഫാ. ജോർജ് വർഗീസ് എന്നിവർ പങ്കെടുത്തു.