കോട്ടയം: ഖാദി ഗ്രാമവ്യവസായ കമ്മിഷന്റെയും കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെയും സഹകരണത്തോടെ, ചാസിന്റെ നേതൃത്വത്തിൽ ശാസ്ത്രി റോഡിലെ ഖാദി ഭവനിൽ ഓണം, ബക്രീദ് ഖാദി വസ്ത്ര-കരകൗശല-ഫർണിച്ചർ ഫെസ്റ്റ് ആരംഭിച്ചു. ചാസ് പ്രസിഡന്റും ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാളുമായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഓണം ബക്രീദ് ഖാദി ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആദ്യവിൽപ്പനയും കോട്ടയം നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഖാദി തൊഴിലാളികൾക്കുള്ള ഇൻസെന്റീവിന്റെ വിതരണോദ്ഘാടനവും നിർവ്വഹിച്ചു. ചാസ് ഡയറക്ടർ ഫാ. തോമസ് കുളത്തുങ്കൽ അനുഗ്രഹ പ്രഭാഷണവും നടത്തി. ചാസ് ഖാദി ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, അസി. ഡയറക്ടർ ആൻസിലോ ഇലഞ്ഞിപ്പറമ്പിൽ, ചാസ് ഖാദി ജനറൽ മാനേജർ ജോൺ സക്കറിയാസ്, ഖാദി വിദ്യാലയ വൈസ് പ്രിൻസിപ്പൾ ജെയിംസ് ഡോമിനിക്ക്, ചാസ് ഖാദി അസി. മാനേജർ പീറ്റർ ചാക്കോ, ഖാദി ഭവൻ മനേജർ കുര്യാക്കോസ് ആന്റണി, പി.ആർ.ഒ ഉലഹന്നാൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
ചാസിന്റെ കോട്ടയം, പള്ളം, പള്ളിക്കൂട്ടുമ്മ, മാമ്മൂട് ഷോറുമുകളിൽ വിപുലമായ ഫർണിച്ചർ മെഗാ പ്രദർശനവും ഡിസ്‌കൗണ്ട് മേളയും നടക്കും. ഖാദിക്ക് 30% ഗവ. റിബേറ്റും കരകൗശലവസ്തുക്കൾ, ഫർണീച്ചർ മറ്റു ഖാദി ഗ്രാമ വ്യവസായ ഉല്പ്പന്നങ്ങൾ എന്നിവയ്ക്ക് ആകർഷകമായ ഡിസ്‌കൗണ്ടും സ്വർണസമ്മാന പദ്ധതികളും ഉണ്ടാകും. സർക്കാർ-ബാങ്ക്-പൊതുമേഖല ജീവനക്കാർക്കും അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർക്കും തവണകളായി തിരിച്ചടയ്ക്കത്തക്ക രീതിയിൽ സാധനങ്ങൾ വാങ്ങുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഖാദി ഫെസ്റ്റ് ആഗസ്റ്റ് 31ന് സമാപിക്കും.