കുമരകം : ഗവ. മിനി ഹൈസ്കൂളിൽ ജില്ലാ മെഡിക്കൽ ടീമും കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ സംഘവും സംയുക്തമായി ഇന്നലെ നടത്തിയ കൊവിഡ് പരിശോധനാ ക്യാമ്പിൽ 294 പേർ പങ്കെടുത്തു. ഇതിൽ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലൂടെയാണ് രോഗനിർണയം നടത്തിയത്. വ്യാപാരി വ്യവസായികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ , തൊഴിലുറുപ്പ് തൊഴിലാളികൾ തുടങ്ങിയവരാണ് ഇന്നല പരിശോധനയ്ക്ക് വിധേയരായത്. ഇന്നലത്തെ പരിശോധന ഫലം ടെസ്റ്റ് പോസിറ്റീവ് നിരക്ക് കുറയുന്നതിന് കാരണമായിട്ടുണ്ട്.
ഡി - കാറ്റഗറിയിൽ പെട്ട പഞ്ചായത്തുകളിൽ ബാങ്കുകൾ പ്രവർത്തിപ്പിക്കാൻ അനുമതിയില്ലാത്തതിനാൽ കുമരകത്ത് ഇന്നലെ ബാങ്കുകൾ പൊലീസ് അടപ്പിച്ചു. എന്നാൽ ഇന്ന് മുതൽ ബാങ്കുകൾ പ്രവർത്തിപ്പിക്കാമെന്നും എന്നാൽ തിങ്കൾ, ബുധൻ , വെള്ളി ദിവസങ്ങളിൽ മാത്രമേ ഇടപാടുകാർക്ക് ബാങ്കിൽ എത്താൻ അനുമതി ഉള്ളു എന്ന് സി.ഐ റ്റി. മനോജ് പറഞ്ഞു.ട്രിപ്പിൾ ലോക് ഡൗണിലും നിയന്ത്രണങ്ങൾ ലംഘിച്ച് അനാവശ്യമായി യാത്ര ചെയ്ത 46 പേർ കുമരകം പൊലീസിന്റെ പരിശോധനയിൽ കുടുങ്ങി .