കുമരകം : കുമരകം ഗ്രാമപഞ്ചായത്ത് ഭരണ സമിതി 2004 ൽ ബസ് സ്റ്റാൻഡിനെന്ന പേരിൽ നിലം വാങ്ങിയതിന്റെ പിന്നിൽ ദുരൂഹതയെന്ന് ബി.ജെ.പി ആരോപിച്ചു. എൽ.ഡി.എഫും, യു.ഡി.എഫും ചേർന്ന് ഭരണം കൈയ്യാളിയപ്പോൾ നടത്തിയ കച്ചവടത്തിന് പിന്നിൽ അഴിമതിയാണ്. വികസനം അട്ടിമറിച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി കുറ്റപ്പെടുത്തി. കോട്ടയം - കുമരകം റോഡിൽ കണ്ണാടിച്ചാൽ ജംഗ്ഷന് സമീപം സെന്റ് ജോൺസ് പുത്തൻപള്ളിയ്ക്ക് എതിർവശത്തുള്ള കോന്നക്കേരി പാടത്താണ് സ്റ്റാൻഡിനെന്ന പേരിൽ 40.47 ആർ നിലം വാങ്ങിയത്. ഇത് റോഡിൽ നിന്ന് ഏകദേശം 60 മീറ്റർ അകലെ വഴി സൗകര്യം ഇല്ലാതെയുള്ള നിലമാണെന്നാണ് പ്രധാന ആരോപണം. പഞ്ചായത്തിൽ പന്ത്രണ്ട് വാർഡുകൾ ഉണ്ടായിരുന്ന 2001 - 2006 കാലഘട്ടത്തിൽ ഇരുമുന്നണികളും കൂട്ടുകക്ഷി ഭരണം നടത്തിയതിന്റെ ഉത്പന്നമാണ് പാടത്തൊരു ബസ് സ്റ്റാൻഡ്. പദ്ധതി നിർവഹണം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെയും നിയമ പോരാട്ടം നടത്തുമെന്ന് പഞ്ചായത്ത് അംഗങ്ങളായ വി.എൻ.ജയകുമാർ, പി.കെ.സേതു, ശ്രീജാ സുരേഷ്, ഷീമാ രാജേഷ് എന്നിവർ പറഞ്ഞു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഡ്വ. ജോഷി ചീപ്പുങ്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി മഹേഷ്.കെ.സി പ്രസംഗിച്ചു.