ചങ്ങനാശേരി : ഒരു പഞ്ചായത്തിൽ ഒരു വിനോദസഞ്ചാരകേന്ദ്രം എന്ന വിനോദസഞ്ചാരവകുപ്പിന്റെ പദ്ധതിയിൽ കുറിച്ചി, വാകത്താനം പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന കളമ്പാട്ടുചിറയെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് 14 സ്ഥലങ്ങളാണ് ഒന്നാംഘട്ടത്തിൽ വിനോദസഞ്ചാരകേന്ദ്രമായി ഉൾപ്പെടുത്തിയത്. സ്ഥലങ്ങളുടെ പ്രത്യേകതകളും പ്രകൃതിസൗന്ദര്യവും സംസ്‌കാരവും ഉൾക്കൊണ്ടാണ് സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. പ്രാദേശിക ജനങ്ങൾകൂടി ഗുണഭോക്താക്കളാകുന്ന വിനോദസഞ്ചാരവികസനം ലക്ഷ്യമിട്ടാണ് ഓരോ പഞ്ചായത്തിലും ഓരോ ഡെസ്റ്റിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
തെങ്ങണ, നാലുന്നാക്കൽ ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന തോട് ചാലച്ചിറയിലേക്കും പടിയറക്കടവിലേക്കുമായി രണ്ടായി തിരിഞ്ഞൊഴുകുന്ന സംഗമകേന്ദ്രമാണ് കളമ്പാട്ടുചിറ. ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും ഭരണസമിതിയംഗങ്ങളും കളമ്പാട്ടുചിറ പ്രദേശം സന്ദർശിച്ച് ഇവിടം നാലുമണിക്കാറ്റ് പോലെ വിനോദവിശ്രമകേന്ദ്രമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് കളമ്പാട്ടുചിറയെ തഴഞ്ഞത്.
രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തണം
മണർകാട് പഞ്ചായത്തിലെ നാലുമണിക്കാറ്റ്, കരൂർ പഞ്ചായത്തിലെ സെന്റ് തോമസ് മൗണ്ട്, കിടങ്ങൂർ പഞ്ചായത്തിലെ കാവാലിക്കടവ്, അയ്മനം പഞ്ചായത്തിലെ കരീമഠം, തീക്കോയി പഞ്ചായത്തിലെ വഴിക്കടവ്, തലനാട്, മൂന്നിലവ്, മേലുകാവ് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങൾ, കടനാട് പഞ്ചായത്തിലെ ബംഗ്ലാംകുന്ന്, മണിമല പഞ്ചായത്തിലെ ആലപ്ര, വെള്ളാവൂർ പഞ്ചായത്തിലെ വെള്ളാവൂർ തുരുത്ത് തുടങ്ങിയ പ്രദേശങ്ങൾ രണ്ടാംഘട്ടത്തിൽ പ്രാദേശിക ടൂറിസം ഡെസ്റ്റിനേഷൻ കേന്ദ്രങ്ങളാക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ കളമ്പാട്ടുചിറയെക്കൂടി ഉൾപ്പെടുത്തി വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യം സഫലമാക്കണമെന്ന് ഇത്തിത്താനം വികസനസമിതി ആവശ്യപ്പെട്ടു.