ss

കോട്ടയം: ചുണ്ടിൽ പ്രാർത്ഥനയും നിറ‌മിഴികളുമായി വിശ്വാസി സമൂഹം വലിയ ഇടയനെ യാത്രയാക്കി. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പ്രത്യേകം തയാറാക്കിയ കബറിടത്തിൽ ഓർത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക് നിത്യ നിദ്ര. ഔദ്യോഗിക ബഹുമതികളോടെ നടന്ന ചടങ്ങിൽ സമൂഹത്തിന്റെ നാനാ തുറകളിലുള്ള ആയിരങ്ങൾ അദ്ദേഹത്തെ യാത്രയാക്കാനെത്തിയിരുന്നു.

രാവിലെ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത കുർബാനയർപ്പിച്ചതിനെ തുടർന്ന് ഭൗതികശരീരം പൊതുദർശനത്തിനായി അരമന കോമ്പൗണ്ടിലെ പന്തലിലേയ്ക്ക് മാറ്റി. കബറടക്ക ശുശ്രൂഷയുടെ ആറും ഏഴും ഘട്ടം ഇവിടെ നടത്തിയശേഷം പൊലീസ് സേന ഗാർഡ് ഒഫ് ഓണർ നൽകി. വിടവാങ്ങൽ ശുശ്രൂഷയ്ക്കായി ഭൗതിക ശരീരം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിന്റെ മദ്ബഹായിലേയ്ക്ക് കൊണ്ടു വന്നു.

സഭയോടും വിശ്വാസികളോടും സമൂഹത്തോടും ബന്ധുമിത്രാദികളോടും വൈദികരോടും യാത്ര ചോദിക്കുന്നതായിരുന്നു ആദ്യ ചടങ്ങ്. തുടർന്ന് ദേവാലയത്തോട് യാത്ര ചോദിക്കുന്ന ചടങ്ങ്. വൈദികർ ചേർന്ന് ഭൗതികശരീരം നാലു ദിക്കുകളിലേക്കും മൂന്നു തവണ ഉയർത്തി ദേവാലയത്തോട് യാത്ര ചോദിച്ചു. മുഴുവൻ ശുശ്രൂഷകളും പൂർത്തിയാക്കി ചാപ്പലിനോട് ചേർന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോട് ചേർന്ന് ബാവായ്ക്ക് അന്ത്യയാത്രയേകി.

കബറടക്ക ശുശ്രൂഷകൾക്ക് മലങ്കര അസോസിയേഷൻ അദ്ധ്യക്ഷന്റെ ചുമതല വഹിക്കുന്ന കുര്യാക്കോസ് മാർ ക്ളീമീസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ.തോമസ് മാർ അത്താനാസിയോസ്, യൂഹാനോൻ മാർ മിലിത്തോസ്, സഖറിയാ മാർ അന്തോണിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, സഖറിയാ മാർ നിക്കോളാവോസ്, ഡോ. യാക്കൂബ് മാർ ഐറേനിയോസ്, ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യുഹാനോൻ മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, എബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ.മാത്യൂസ് മാർ തീമോത്തിയോസ് , അലക്‌സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ് , ഡോ. യൂഹാനോൻ മാർ ദിമത്രയോസ് , ഡോ.യൂഹാനോൻ മാർ തേവോദോറസ്, യാക്കോബ് മാർ ഏലിയാസ് , ഡോ.ജോഷ്വാ മാർ നിക്കോദിമോസ്, ഡോ. സഖറിയാസ് മാർ അപ്രേം, ഡോ. ഗീവർഗീസ് മാർ യൂലിയോസ് , ഡോ.എബ്രഹാം മാർ സെറാഫിം എന്നിവർ സഹകാർമികത്വം വഹിച്ചു.

മന്ത്രിമാരായ വി.എൻ വാസവൻ, വീണാ ജോർജ് , ആന്റണി രാജു , ചീഫ് വിപ്പ് എൻ. ജയരാജ്, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മാർ അപ്രേം (കൽദായ സഭ), സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പി.സി തോമസ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.