പാലാ : പാലാ-കടുത്തുരുത്തി നിയോജകമണ്ഡലങ്ങളുടെ അതിർത്തിയായ രാമപുരം പഞ്ചായത്തിലെ മേതിരി, വെളിയന്നൂർ പഞ്ചായത്തിലെ പൂവക്കുളം ഭാഗങ്ങളിൽ ഇന്നലെ പുലർച്ചെ 5.30ന് ഉണ്ടായ കൊടുങ്കാറ്റിലും മഴയിലും കനത്ത നാശം. രാമപുരം വില്ലേജിലും വെളിയന്നൂർ വില്ലേജിലുമാണ് ഏറെ നാശനഷ്ടം. കനത്ത മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ 10 മീറ്ററിലധികം ദൂരെ നിന്ന് പോലും വലിയമരച്ചില്ലകൾ ഉൾപ്പടെയുള്ള ഭാരമേറിയ വസ്തുക്കൾ വീടിന്റെയും തൊഴുത്തുകളുടെയും കോഴിക്കൂടുകളുടെയും മുകളിൽ പതിച്ചു. വൻ മരങ്ങൾ നിലംപൊത്തി. വൻകൃഷിനാശമാണ് പ്രദേശത്തുണ്ടായത്. ഓണവിപണി ലക്ഷ്യമിട്ട് വാഴകൃഷിയിലും പച്ചക്കറി കൃഷിയിലും ഏർപ്പെട്ടവർക്കും
കനത്ത നഷ്ടമാണ് ഇത് മൂലം ഉണ്ടായിട്ടുള്ളത്. റബർ മരങ്ങളുൾപ്പടെയുള്ള നിത്യേന ആദായം നൽകിയിരുന്ന മരങ്ങൾ കൂത്തോടെ ഒടിഞ്ഞുവീണത് കൊവിഡ് കാലത്ത് കൂനിൻമേൽ കുരുവായി. പ്രദേശത്തെ വൈദ്യുതി വിതരണം പൂർണ്ണമായും താറുമാറായി. വീടുകൾ തകർന്നതിന് പുറമെ നിരവധി കാലിത്തൊഴുത്തുകൾക്കും നാശനഷ്ടമുണ്ടായി. ഒരു കോടിയിൽപ്പരം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. മീനച്ചിൽ തഹസിൽദാർ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസിൽദാർമാരായ എം.പി. ജോർജ്, സജിമോൻ മാത്യു, വില്ലേജ് ഓഫീസർമാരായ റോഷൻ ജോർജ്, ബിന്ദു തോമസ് എന്നിവരുൾപ്പെട്ട റവന്യൂസംഘവും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. വെളിയന്നൂരിൽ 16 വീടുകൾ ഭാഗികമായും, ഒരു വീട് പൂർണ്ണമായും തകർന്നു. രാമപുരം പഞ്ചായത്തിൽ മേതിരി ഭാഗത്ത് 4 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ തോമസ് ചാഴികാടൻ എം.പി, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം.മാത്യു, ഉഴവൂർ ബ്ലോക്ക് പ്രസിഡന്റ് ബൈജു പുതിയിടത്തുചാലിൽ, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്ബ്, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം തുടങ്ങിയവർ സന്ദർശിച്ചു.
ഗതാഗതം താറുമാറായി
മരങ്ങൾ വീണ് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പ്രശാന്ത് വേലിക്കകത്ത്, മർക്കോസ് കണ്ടനാ മറ്റത്തിൽ, മത്തായി പനച്ചിക്കൽ, തോമസ് പനിച്ചിക്കൽ, അപ്പച്ചൻ വട്ടത്തറയിൽ, തങ്കച്ചൻ പനിച്ചിക്കൽ ഷാജിനെല്ലാനികന്നേൽ, ഷാജി മലയിൽ തുടങ്ങിയവരുടെ പുരയിടത്തിലാണേറെ നാശമുണ്ടായത്. പൂവക്കുളം നന്മ റസിഡൻസ് അസോസിയേഷൻ നേതാക്കളായ പ്രശാന്ത് വേലിക്കകം, പി. എ രാജൻ ബേബിച്ചൻ കണ്ടനാമറ്റത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിനും, ഒടിഞ്ഞ പോസ്റ്റുകളും മാറ്റി വൈദ്യുതി എത്തിക്കുന്നതിനും മുൻകൈ എടുത്തു. പൂവക്കുളം 159ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ മേൽക്കൂരയിലേക്ക് മരശിഖരം വീണ് ഓടുകൾ ചിതറിത്തെറിച്ചു.
നഷ്ടപരിഹാരം ലഭ്യമാക്കണം
കൊവിഡ് മഹാമാരിയുടെ കാലത്ത് സാധാരണക്കാരായ ആളുകൾ താമസിക്കുന്ന ഈ പ്രദേശത്ത് പ്രകൃതിക്ഷോഭം മൂലം ഉണ്ടായ ദുരന്തത്തിന് ഇരയായവർക്ക് അടിയന്തിരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് മാണി.സി.കാപ്പൻ എം.എൽ.എ മുഖ്യമന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.