കട്ടപ്പന: നിരപ്പേൽക്കടയിൽ നിന്നു നാടൻ തോക്കും തിരകളും പിടികൂടിയ കേസിൽ പ്രതിയെ പൂപ്പാറയിലെത്തിച്ച് തെളിവെടുത്തു. ഒരുവർഷം മുമ്പ് 40,000 രൂപയ്ക്കാണ് തോക്ക് വാങ്ങിയതെന്നും ഒരു സുഹൃത്തിന്റെ ഇടപെടലിൽ തോക്ക് നിർമിച്ച് പൂപ്പാറയിൽ എത്തിച്ചു നൽകുകയായിരുന്നുവെന്നും പിടിയിലായ നിരപ്പേൽക്കട വാലുമ്മേൽ അഭിലാഷ് ചാക്കോ(40) മൊഴി നൽകി. കൊച്ചുതോവാള നിരപ്പേൽക്കടയിൽ നിന്ന് ഞായറാഴ്ച വൈകിട്ടാണ് ഇയാളെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. ഏലത്തോട്ടത്തിലെത്തുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനാണ് തോക്ക് ഉപയോഗിച്ചിരുന്നതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇയാൾക്ക് നായാട്ട് സംഘങ്ങളുമായി ബന്ധമുള്ളതായും അന്വേഷണ സംഘത്തിന് വിവരമുണ്ട്. തെളിവെടുപ്പിനനും ചോദ്യം ചെയ്യലിനുമായി ഒരു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഇതിന് ശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.