ksrtc

കട്ടപ്പന: കെ.എസ്.ആർ.ടി.സി. കട്ടപ്പന ഡിപ്പോയിൽ ജില്ലാ വർക്ക് ഷോപ്പ് ഗാരേജ് ആരംഭിക്കുമെന്ന് സൂചന. ഇന്നലെ മന്ത്രി റോഷി അഗസ്റ്റിൻ, മുൻ മന്ത്രിയും എം.എൽ.എയുമായ എം.എം. മണി എന്നിവർ ഡിപ്പോ സന്ദർശിച്ചിരുന്നു. തുടർന്നാണ് ഡിപ്പോ ആരംഭിക്കുന്ന കാര്യം ചർച്ച ചെയ്തത്. മന്ത്രി റോഷി അഗസ്റ്റിനും കെ.എസ്.ആർ.ടി.സി. ഡയറക്ടർ ബോർഡ് അംഗം സി.വി .വർഗീസും വിഷയത്തിൽ ഇടപെടും. നിലവിൽ ആലുവയിലെ റിജിയണൽ ഗാരേജിലാണ് ബസുകളുടെ പ്രധാന അറ്റകുറ്റപ്പണികൾ നടത്തുന്നത്.
ഇപ്പോഴത്തെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് മന്ത്രി ഉൾപ്പെടെയുള്ള സംഘം ഡിപ്പോയിലെത്തിയത്. ജില്ലാ വർക്ക് ഷോപ്പ് ഗാരേജ് കട്ടപ്പനയിൽ തുടങ്ങിയാൽ പ്രയോജനകരമാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഡിപ്പോയിലേക്ക് കുടിവെള്ള സൗകര്യം ഏർപ്പെടുത്താൻ ഭൂഗർഭജല വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡിപ്പോ നവീകരണം
2018ലെ പ്രളയത്തിൽ ഉരുൾപൊട്ടലിൽ പൂർണമായി തകർന്ന ഡിപ്പോയുടെ നവീകരണം അവസാന ഘട്ടത്തിലാണ്. റോഷി അഗസ്റ്റിൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 50 ലക്ഷവും മുൻ എം.പി. ജോയ്‌സ് ജോർജ് അനുവദിച്ച 25 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശംസ നിധിയിൽ നിന്നുള്ള 25 ലക്ഷവും ചെലവഴിച്ചാണ് നവീകരണം നടത്തിയത്. പുതുതായി നിർമിച്ച ഓഫീസ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഫെബ്രുവരി 20ന് നടത്തിയിരുന്നു. 2020ലെ ബഡ്ജറ്റിൽ 5 കോടി രൂപയും ഡിപ്പോ നവീകരണത്തിന് അനുവദിച്ചിരുന്നു.