carpender

ചങ്ങനാശേരി: തടി മാത്രം ഉപയോഗിച്ചിരുന്ന വീടിൻ്റെ മേൽക്കൂരയും ഉത്തരവും കഴുക്കോലും വരെ മോഡേണായി. മരപ്പണി മേഖല പൂർണ്ണമായി തക‌ർച്ചയിലേക്ക്. സിമന്റ് ഉപയോഗിച്ചുള്ള കട്ടിള, വാതിൽ എന്നിവ വിപണി കീഴടക്കിയതോടെ മരപ്പണിക്കാരുടെ അന്നന്നയപ്പമാണ് മുടങ്ങിയത്. ഫൈബർ, സ്റ്റീൽ കമ്പികൾ എന്നിവയുടെ വരവോടെ മരപ്പണിക്കാർ ചിത്രത്തിൽ നിന്നും പൂർണമായും ഔട്ടായി.

ചങ്ങനാശേരി, തൃക്കൊടിത്താനം മേഖലയിൽ മാത്രം 70 ഓളം വർക്കഷോപ്പുകൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 15ൽ താഴെ മാത്രമേയുള്ളു. ഇന്ന് വീടിൻ്റെ പ്രധാന വാതിലുകൽ മാത്രമേ തടിയിൽ നിർമ്മിക്കുന്നുള്ളു. തടി ഉപയോഗിച്ചുള്ളതിന് വില കൂടുതലായതിനാൽ പലരും ഫൈബറിലേയ്ക്ക് മാറിക്കഴിഞ്ഞു. ഫർണിച്ചറുകളുടെ സ്ഥിതിയും വിഭിന്നമല്ല.

നൂറു കണക്കിന് മരപ്പണിക്കാരാണ് തൊഴിലില്ലാതെ അലയുന്നത്. വായ്പയെടുത്ത് വാങ്ങിയ മെഷിനുകൾ പോലും തുരുമ്പടുത്ത് നശിക്കുന്ന സ്ഥിതിയാണ്. മൾട്ടി വുഡ്, സ്റ്റീൽ ഫർണിച്ചർ എന്നിവ തവണ വ്യവസ്ഥയിൽ വീടുകളിൽ എത്തിയതും ഇവരെ ദോഷകരമായി ബാധിച്ചു.

പൊലൂഷന്റെ കാരണം പറഞ്ഞ് പഞ്ചായത്ത് ലൈസൻസ് പുതുക്കാൻ അനുവദിക്കാത്തതും ഇവരെ ദോഷകരമായി ബാധിച്ചു. വർക്ക് ഷോപ്പ് നടത്തുന്ന സ്ഥലത്ത് നിന്ന് 30 മീറ്റർ ചുറ്റളവിൽ വീട് ഉണ്ടാകാൻ പാടില്ലായെന്നാണ് നിയമം. ഹെൽത്ത് ഇൻസ്‌പെക്ടർ സർട്ടിഫിക്കറ്റ്, ഫോറസ്റ്റ് എൻ ഒ സി എന്നിവ നിർബന്ധമായും ഹാജരാക്കിയാലേ ലൈസൻസ് പുതുക്കി നല്കുകയുള്ളു. വർക്ക്‌ഷോപ്പിലെ തൊഴിലാളികൾക്ക് അപകടം സംഭവിച്ചാൽ ഇവരുടെ ചികിത്സാ സഹായങ്ങൾ വർക്ക് ഷോപ്പ് ഉടമ തന്നെ ഏറ്റെടുക്കണം.

നാല്പത് വർഷമായി ഈ മേഖലയിലാണ്. അഞ്ചും, ആറും തൊഴിലാളികളും ഇവിടെ ജോലി ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ മൂന്ന് മാസമായി ജോലി ഇല്ലാത്ത അവസ്ഥയാണ്. ഓരോ വർഷവും ഷോപ്പിന്റെ ലൈസൻസ് പുതുക്കുന്നതിനായും ബാങ്ക് ലോണുകൾക്കുമായി ഭീമമായ തുക അടയ്‌ക്കേണ്ട സ്ഥിതിയാണ്.

പി. കെ പ്രസാദ് തൃക്കൊടിത്താനം പുല്ലുകുന്നേൽ

മറ്റ് മെറ്റീരിയൽസ് കടന്നു വന്നതോടെ, തടി ഉപയോഗിച്ചുള്ള സാധനങ്ങൾ കുറഞ്ഞു. തടിയുടെ സാധനങ്ങളെക്കാൾ വിലക്കുറവ് മറ്റ് ഉല്പന്നങ്ങൾക്കായതും ഇരുട്ടടിയായി. പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടലാസിൽ മാത്രമായി. കട്ടിൽ, ടേബിൾ, മെയിൻ വാതിൽ തുടങ്ങിയവയ്ക്ക് മാത്രമാണ് ഇന്ന് തടിപ്പണി ആവശ്യമുള്ളത്.

സജീവ് , പായിപ്പാട്