കോട്ടയം : കൃഷി, തദ്ദേശം, സഹകരണം. ഈ മൂന്ന് വകുപ്പുകളുടേയും തലപ്പത്തിരുന്നതിന്റെ അനുഭവ പരിചയവുമായാണ് 47-ാം കളക്ടറായി ഡോ.പി.കെ.ജയശ്രീ ചുമതലയേറ്റത്. ഈ മൂന്ന് വകുപ്പുകളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന സ്വഭാവമുണ്ട് കോട്ടയത്തിന്. ഈ സാഹചര്യത്തിലാണ് ക്രിയാത്മകമായ പദ്ധതികൾ ജയശ്രീയിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. കളക്ടറായി ചുമതലയേറ്റ് ഡോ.പി.കെ.ജയശ്രീ സംസാരിക്കുന്നു.
കൊവിഡ് മുക്തമാക്കണം
ജില്ലയെ കൊവിഡ് മുക്തമാക്കണമെന്ന വലിയൊരു ലക്ഷ്യമുണ്ട്. പരമാവധിപ്പേർക്ക് വാക്സിനേഷൻ ലഭ്യമാക്കും. ഇതുവരെ 8.81 ലക്ഷം പേരാണ് വാക്സിനെടുത്തത്. വാക്സിൻ ലഭ്യതയനുസരിച്ച് വിതരണം സാദ്ധ്യമാക്കും. 83 വാക്സിൻ സെന്ററുകളുണ്ട്. ഓൺലൈൻ ബുക്കിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും. ടി.പി.ആർ ഉയർന്നിരിക്കുന്ന പൂഞ്ഞാർ, കടപ്ളാമറ്റം, കോരുത്തോട്, ഉദയനാപുരം പഞ്ചായത്തുകളിൽ പരിശോധന വ്യാപകമാക്കും.
ഡ്രൈവിംഗ് ടെസ്റ്റും കടതുറക്കലും
വ്യാപാരികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഡയറക്ടേറ്റിൽ നിന്നുള്ള നിർദേശമനുസരിച്ച് മാത്രമേ ചെയ്യൂ. എ കാറ്റഗറിയിൽപ്പെട്ട പഞ്ചായത്തുകളിൽ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സൗകര്യമുണ്ടെങ്കിൽ അതിന്റെ സാദ്ധ്യത പരിശോധിക്കാം.
തടയണം പ്രളയത്തെ
മഴകനത്താൽ പ്രളയസാദ്ധ്യത മുന്നിൽക്കണ്ടുള്ള നടപടികളും ഊർജിതമാക്കും. ഒരോ പഞ്ചായത്തുകളിലും മൂന്ന് വീതം ക്യാമ്പുകൾ എന്ന നിലയിലാണ് പ്രവർത്തനം. ഒരിടത്ത് കൊവിഡ് രോഗികളും, മറ്റേതിൽ സമ്പർക്ക പട്ടികയിലുള്ളവരും പിന്നെ സാധാരണ ആളുകളും എന്ന നിലയ്ക്കാണ് ഉദ്ദേശിക്കുന്നത്.
കർഷകരെ ചേർത്ത് പിടിക്കും
അപ്പർകുട്ടനാട്ടിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജില്ലാ കൃഷി ഓഫീസറുമായി ചർച്ച ചെയ്ത് നടപടികളെടുക്കും. കൃഷി നാശത്തിന്റെ നഷ്ടപരിഹാരം, നെല്ല് സംഭരണം തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കും. കൃഷി, സഹകരണ വകുപ്പുകളുമായി ചേർന്ന് വിഷയം പരിഹരിക്കാനാവും. കപ്പ, കൈതച്ചക്ക കർഷകരെ സഹായിക്കാൻ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ വഴി പൊതുവില ലഭ്യമാക്കും. ഉത്പന്നങ്ങൾക്ക് മാർക്കറ്റുണ്ടെങ്കിൽ കർഷകർ കൃഷിക്ക് സജ്ജമാകും. അതിനുള്ള സാഹചര്യമൊരുക്കും.
ഏത് സമയവും വിളിക്കാം
ഏത് സമയവും ഔദ്യോഗിക നമ്പരിൽ വിളിച്ചാൽ തിരക്കിൽ അല്ലെങ്കിൽ ഫോണെടുക്കും. കളക്ടറെ ഫോണിൽ കിട്ടില്ലെന്നുള്ള പരാതിയുണ്ടാവില്ല.