കോട്ടയം : ആസൂത്രണ സമിതിയിലേയ്ക്കുള്ള നഗരസഭ പ്രതിനിധിയുടെ തിരഞ്ഞെടുപ്പിൽ പിന്നാക്കക്കാരനായ കോൺഗ്രസ് പ്രതിനിധിയെ വെട്ടിയരിഞ്ഞ സംഭവം ഡി.സി.സി ഒതുക്കി. നഗരസഭയിലെ മുതിർന്ന നേതാവും ഡി.സി.സി ഭാരവാഹിയുമായ എം.പി സന്തോഷ്‌കുമാറിനെ മനപ്പൂർവം തോൽപ്പിക്കാൻ വിപ്പ് ഒഴിവാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് സന്തോഷ് കുമാർ പരാതി നൽകിയെങ്കിലും പിന്നീട് ഒരു നടപടിയുമുണ്ടായില്ല. ആസൂത്രണ സമിതിയിലേയ്ക്ക് നഗരസഭാ പ്രതിനിധിക്കായുള്ള തിരഞ്ഞെടുപ്പിൽ എം.പി സന്തോഷ്‌കുമാറാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. ഇദ്ദേഹത്തിന് 87 വോട്ട് മാത്രമാണ് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച ഏറ്റുമാനൂർ നഗരസഭയിലെ സി.പി.എമ്മിലെ ഇ.എസ് ബിജുവിന് 94 വോട്ടും ലഭിച്ചു. ജില്ലയിലെ ഭൂരിഭാഗം നഗരസഭകളിലും ഭരണം നടത്തുന്ന കോൺഗ്രസിന് ജനറൽ വിഭാഗത്തിൽ മാത്രമല്ല, വനിതാ വിഭാഗത്തിലും തോൽവിയാണ് സംഭവിച്ചത്. കോൺഗ്രസിന് കിട്ടേണ്ട അഞ്ച് വോട്ടുകൾ ബിജുവിന് പോയെന്ന് വ്യക്തമായെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സന്തോഷ് കുമാറിന്റെയും പേര് പരിഗണിച്ചിരുന്നു. ഇതിന് കൂടി തടയിടുകയെന്ന ലക്ഷ്യമാണ് തോൽപ്പിച്ചതിലൂടെ നടത്തിയത്. ബി.ജെ.പിയുടെ ചില കൗൺസിലർമാരും ഇതിന് കൂട്ടുനിന്നു.