വൈക്കം: കടുത്തുരുത്തി വിദ്യഭ്യാസ ജില്ലയിൽ ഏറ്റവുമധികം കുട്ടികളെ എസ്.എസ്.എൽ.സി പരീക്ഷയെഴുതിച്ച് നൂറ് മേനി വിജയം കൊയ്തതിന്റെ തിളക്കത്തിലാണ് വൈക്കം ആശ്രമം സ്കൂൾ. 277 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. മുഴുവൻ പേരും വിജയിച്ചു. 48 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഏതാനും വർഷങ്ങളായി ആശ്രമം സ്കൂൾ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവുമധികം കുട്ടികളെ പരീക്ഷയെഴുതിക്കുന്ന സ്കൂളാണ്. 2008 മുതൽ സ്കൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിക്കുന്നുണ്ട്. പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തുന്നത്. വീടില്ലാത്ത സഹപാഠികൾക്ക് വീട് വച്ച് നൽകുന്ന സഹപാഠിക്കൊരു സാന്ത്വനം പദ്ധതി സംസ്ഥാനത്തിനാകെ മാതൃകയായിരുന്നു. സ്കൂൾ വളപ്പിലും പുറത്തുമായി കരനെൽകൃഷി, പച്ചക്കറി കൃഷി, മത്സ്യകൃഷി എന്നിവ നടത്തിയും ശ്രദ്ധപിടിച്ചുപറ്റി. കൊവിഡ് കാലത്ത് മുഴുവൻ കുട്ടികൾക്കും ഭക്ഷ്യ കിറ്റ് നൽകിയതിന് പുറമേ ഓൺലൈൻ പഠനത്തിനായി 35 ടിവിയും 85 സ്മാർട്ട് ഫോണുകളും സ്കൂൾ നൽകി.

പഠനനിലവാരം കൃത്യമായി നിരീക്ഷിച്ച് വേണ്ട സഹായങ്ങൾ നൽകുകയും ചെയ്ത അദ്ധ്യാപകരുടെ കൂടി വിജയമാണിത്. കൊവിഡ് ദുരിതങ്ങൾക്കിടയിലും കുട്ടികളുടെ പഠന കാര്യങ്ങളിൽ വീഴ്ച വരാതെ നോക്കിയ രക്ഷിതാക്കളും അഭിനന്ദനമർഹിക്കുന്നു.

പി.വി.ബിനേഷ്

(മാനേജർ ആശ്രമം സ്കൂൾ)