പാലാ : കടപ്പാട്ടൂർ മഹാദേവക്ഷേത്ര ക്ഷേത്രത്തിലെ വിഗ്രഹദർശനദിന ആഘോഷം ഭക്തിനിർഭരമായി. പഞ്ചാക്ഷര മന്ത്രധ്വനിളാൽ മുഖരിതമായ ക്ഷേത്ര സന്നിധിയിലേക്ക് നൂറുകണക്കിന് ഭക്തരാണ് രാവിലെ മുതൽ എത്തിച്ചേർന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. വിശേഷാൽ പൂജകൾ, അഭിഷേകങ്ങൾ, അഷ്ടദ്രവ്യ ഗണപതിഹോമവും, ഉഷപൂജയും നടന്നു. തുടർന്ന് ഇരുപത്തിയഞ്ച് കലശാഭിഷേകത്തോടുകൂടി ഉച്ചപൂജയും, വിഗ്രഹ ദർശന സമയമായ 2.30ന് വിശേഷാൽ ദീപാരാധനയും പൂജയും നടന്നു. ആചാരപരമായ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പറമ്പൂര് ഇല്ലം നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടും മേൽശാന്തി പത്മനാഭൻ പോറ്റിയും മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ സി.പി ചന്ദ്രൻ നായർ, എസ്.ഡി സുരേന്ദ്രൻ നായർ, ജി.സജൻ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
ചിത്രം
കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ വിഗ്രഹ ദർശനദിനാചരണത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് 2.30ന് നടന്ന പ്രത്യേക ദീപാരാധന ദർശിച്ച് തൊഴുന്ന ഭക്തർ.